| Monday, 17th June 2019, 5:47 pm

ഡോക്ടര്‍മാര്‍ക്കു മുന്നില്‍ മമത മുട്ടുമടക്കി; 10 സുരക്ഷാ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിനു മുന്നില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുട്ടുമടക്കുന്നു. ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ 10 സുരക്ഷാ നിര്‍ദേശങ്ങളാണ് മമത അംഗീകരിച്ചത്.

കൊല്‍ക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. തുടര്‍ന്ന് സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയായിരുന്നു.

ജൂനിയര്‍ ഡോക്ടര്‍മാരുടെ 24 പ്രതിനിധികളുമായാണ് മമത ഇന്നു ചര്‍ച്ച നടത്തിയത്. ഡോക്ടര്‍മാരും രോഗികളുമായുള്ള സമ്പര്‍ക്കത്തിന് സൗകര്യമൊരുക്കുക, ഓരോ ആശുപത്രിയിലും ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി മുതിര്‍ന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പ്രധാനം. അത്യാഹിതവിഭാഗത്തിലേക്കു പ്രവേശിക്കുന്ന രോഗികളുടെ ബന്ധുക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും സംവിധാനമൊരുക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ച രോഗിയുടെ ബന്ധുക്കള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഒരുസമയം രണ്ടുപേരില്‍ക്കൂടുതല്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കുന്നില്ലെന്നാണ് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിക്കാനുള്ള സംവിധാനം കാര്യക്ഷമമാക്കും എന്നിവയായിരുന്നു മമത ഇതിനു മറുപടിയായി പറഞ്ഞത്.

പൊലീസിലെ ഒരുദ്യോഗസ്ഥനെ എല്ലാ ആശുപത്രികളുടെയും നോഡല്‍ ഓഫീസറായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്. യോഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ആശുപത്രിയില്‍ നടന്ന അക്രമസംഭവത്തിന്റെ പൂര്‍ണവിവരങ്ങളും അതില്‍ സ്വീകരിച്ച നടപടിയും വ്യക്തമാക്കണമെന്നു മമത അവരോട് ആവശ്യപ്പെട്ടു.

ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐ.എം.എ ഇന്ന് രാജ്യവ്യാപകമായി 24 മണിക്കൂര്‍ പണിമുടക്ക് നടത്തുകയാണ്. ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമണങ്ങള്‍ തടയുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശിയ പണിമുടക്ക്. അതേസമയം, എയിംസ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറി.

ജൂണ്‍ 10 മുതലാണ് ഡോക്ടര്‍മാര്‍ ബംഗാളില്‍ സമരം തുടങ്ങിയത്. റസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഡോക്ടര്‍മാര്‍ രാജി വയ്ക്കുകയും ചെയ്തതോടെ ബംഗാളിലെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലായതോടെയാണു മമത ചര്‍ച്ചയ്ക്കു വഴങ്ങിയത്.

300 ലേറെ ഡോക്ടര്‍മാരാണ് ആറ് ദിവസത്തിനുള്ളില്‍ രാജിവെച്ചത്. അഭിമാന പ്രശ്നമായി കാണരുതെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കി പ്രശ്നം പരിഹരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ മമതയോട് ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more