ന്യൂദല്‍ഹി: കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. ദേശീയ കര്‍മ സമിതി റിപ്പോര്‍ട്ട് പുറത്ത് വരുന്നത് വരെ ഡോക്ടര്‍മാര്‍ ഈ സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
13 ദിവസമായി തുടരുന്ന ഡോക്ടര്‍മാരുടെ സമരത്തെ നിസാരമായി കാണാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, കര്‍മ സമിതി റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ ഡോക്ടര്‍മാരുടെ പ്രശ്നത്തില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.
മൂന്നാഴ്ചയാണ് സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കോടതി അനുവദിച്ചിരിക്കുന്ന സമയം. ഡോക്ടര്‍മാര്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും കര്‍മ സമിതി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഡോക്ടര്‍മാര്‍ക്ക് മതിയായ സുരക്ഷ സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് വേണ്ടി കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറിയെ കോടതി ചുമതലപ്പെടുത്തി. ഇദ്ദേഹം സംസ്ഥാനങ്ങളിലെ സാഹചര്യം പരിശോധിച്ച് അതത് സംസ്ഥാനത്തെ ഡി.ജി.പി, ചീഫ് സെക്രട്ടറി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.
എന്നാല്‍ ഡോക്ടറുടെ കൊലപാതകത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതിലടക്കം വന്ന ബംഗാള്‍ പൊലീസിന്റെ വീഴ്ചയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ഈ സംഭവത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നതായും കോടതി നിരീക്ഷിച്ചു. കേസ് അടുത്ത അഞ്ചിന് വീണ്ടും പരിഗണിക്കും. അപ്പോഴേക്കും ഇന്ന് നല്‍കിയ നിര്‍ദേശങ്ങളില്‍ എന്ത് നടപടികള്‍ സ്വീകരിച്ചെന്നും കോടതി പരിശോധിക്കും.
അതേസമയം കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ കൂട്ടബലാത്സംഗത്തിന്റെ സാധ്യതയില്ലെന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
കുറ്റം നടത്തിയത് പ്രതി സഞ്ജയ് റോയി ഒറ്റയ്ക്കാണെന്ന് പറഞ്ഞ അന്വേഷണസംഘം പ്രതി കടുത്ത ലൈംഗികവൈകൃതത്തിന് അടിമയാണെന്നും പറഞ്ഞു. ഡി.എന്‍.എ, പോസ്റ്റുമോര്‍ട്ടം റിപ്പേര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിഗമനം.
ഓഗസ്റ്റ് 9 നാണ് കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കൊളേജിലെ പി.ജി വിഭാഗം ഡോക്ടറായ 31 കാരിയെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ക്രൂര പീഡനത്തിന് വിധേയമായതായി കണ്ടെത്തി. തുടര്‍ന്ന് കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.
Content Highlight: Kolkata doctor’s murder: The Supreme Court has asked the striking doctors to return to work immediately