ദല്‍ഹി: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ഡോക്ടര്‍മാരുടെ സമരം രാജ്യവ്യാപകമായി ആരംഭിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് രാജ്യ വ്യാപകമായി 24 മണിക്കൂര്‍ സമരം നടക്കുന്നത്. കേരളത്തില്‍ മെഡിക്കല്‍ പി.ജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം നടക്കും.
ഒ.പി വിഭാഗത്തിലുള്ള ചികിത്സകളാണ് ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ അടിയന്തര ഘട്ടത്തിലുള്ള ചികിത്സകള്‍ ഡോക്ടര്‍മാര്‍ നടത്തും.
വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ആ ജില്ലയെ മാത്രം സമരത്തില്‍ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രികളിലും സെന്റര്‍ കോളേജ് ആശുപത്രികളിലും ഇന്ന് ഒ.പി സേവനങ്ങള്‍ ഉണ്ടാവില്ല. ഇവിടെയെല്ലാം അത്യാഹിത വിഭാഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. ഈ സമരത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയും പങ്കാളികളായിട്ടുണ്ട്.
രാജ്യ വ്യാപകമായി ഇതിനെതിരെ വന്‍തോതിലാണ് പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നത്. ബംഗാള്‍ സര്‍ക്കാരിന് പുറമേ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡോക്ടര്‍മാര്‍ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.
ദല്‍ഹിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു മുന്നില്‍ ഇന്നലെ തലസ്ഥാനത്തെ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി മുന്നോട്ടു വന്നിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച പ്രതിഷേധത്തില്‍ നൂറോളം ഡോക്ടര്‍മാരാണ് പങ്കെടുത്തത്. ഹിന്ദിയിലും ഇംഗ്ലീഷിലും തമിഴിലുമായി ഒരുപാട് പ്ലക്കാര്‍ഡുകളാണ് പ്രതിഷേധത്തില്‍ ഉയര്‍ന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിഭാഗം വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് വിധേയയായി കൊല്ലപ്പെടുന്നത്. കൊലപാതകത്തിനെതിരെ കഴിഞ്ഞ ദിവസം കല്‍ക്കട്ട ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
നിലവില്‍ ആക്രമണത്തില്‍ പിന്നിലുള്ള ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോളേജിന്റെ മുൻ പ്രിൻസിപ്പലിനെ സി.ബി.ഐ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Content Highlight: Kolkata Doctor’s Murder; Doctors Are On Strike Across The Country