കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; ഉത്തരാഖണ്ഡിലും സമാനമായ അതിക്രമം നടന്നതായി റിപ്പോര്‍ട്ട്
national news
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; ഉത്തരാഖണ്ഡിലും സമാനമായ അതിക്രമം നടന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th August 2024, 9:39 am

ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ വനിത ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെയുള്ള പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി നടക്കവെ ഉത്തരാഖണ്ഡിലും സമാനമായ സംഭവം നടന്നതായി റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡിലെ ഒരു സ്വാകാര്യ ആശുപത്രിയിലെ നഴ്‌സാണ് ക്രൂര ബലാത്സംഗത്തിന് ഇരയായതിന് ശേഷം കൊല്ലപ്പെട്ടത്.

കൊലപാതകം നടന്ന് 9 ദിവസങ്ങള്‍ക്ക് ശേഷമാണ് 33 വയസുകാരിയായ നഴ്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. 2024 ഓഗസ്റ്റ് 14ന് ബുധനാഴ്ച സംഭവത്തിലെ പ്രതിയെ രാജസ്ഥാനില്‍ നിന്ന് പിടികൂടുകയും ചെയ്തു.

നൈനിറ്റാളിലെ ഒരു സ്വാകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ 11 വയസുള്ള മകള്‍ക്കൊപ്പം ബിലാസ്പൂരിലെ ഒരു ഹൗസിങ് കോളനിയിലായിരുന്നു താമസം. ജൂലൈ 31ന് ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങിയ ഇവര്‍ വീട്ടിലെത്തിയിരുന്നില്ല. ഇവര്‍ ഇ ഓട്ടോയില്‍ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമായിരുന്നു.

എന്നാല്‍ ഒരു ദിവസം കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഇവരുടെ സഹോദരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓഗസ്റ്റ് 8ന് ഉത്തര്‍പ്രദേശിലെ ദിബ്ദിബ പ്രദേശത്ത് നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഉത്തര്‍പ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും അതിര്‍ത്ഥി പ്രദേശമാണ് ഇവിടം. പിന്നീട് രാസ്ഥാനില്‍ നിന്ന് പ്രതിയെയും കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട നഴ്‌സിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ സംഘം പ്രതിയിലേക്ക് എത്തിയത്. കൊല്ലപ്പെട്ട യുവതി ജോലി ചെയ്ത് ആശുപത്രിക്ക് സമീപത്ത് ദിവസവേതനത്തിന് ജോലി ചെയ്ത്‌കൊണ്ടിരുന്ന ധര്‍മേന്ദ്ര എന്നയാളാണ് പ്രതി. ഇയാള്‍ ജോലി കഴിഞ്ഞ് പോകുകയായിരുന്ന യുവതിയെ പിന്തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സ്‌കാര്‍ഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചുമാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന 3000 രൂപയും ഫോണും പ്രതി മോഷ്ടിക്കുകയും ചെയ്തിരുന്നു.

പ്രതി മയക്കുമരുന്നിന് അടിമയായിരുന്നു എന്നും പ്രതിയക്ക് യുവതിയെ നേരത്തെ അറിയില്ലായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. പീഡനത്തെയും കൊലപാതകത്തെയും യുവതി ശക്തമായി പ്രതിരോധിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു എന്ന് ഉദ്ദംസിങ് സീനിയര്‍ പൊലീസ് സുപ്രണ്ട് മഞ്ജുനാഥ് ടി.സിയെ ഉദ്ദരിച്ച് കൊണ്ട് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് രാജ്യത്താകെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഇപ്പോള്‍ ഉത്തരാഖഢില്‍ നിന്നും സമാനമായ വാര്‍ത്ത വരുന്നത്.

അതേസമയം രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം കേസുകളില്‍ നടപടി കര്‍ശനമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയടക്കം സ്ത്രീസുരക്ഷയെ സംബന്ധിച്ച് വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

content highlights: Kolkata doctor’s murder; A similar incident was reported in Uttarakhand