കൊൽക്കത്ത: യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആർ.ജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനും ജാമ്യം അനുവദിച്ച് സീൽദയിലെ പ്രാദേശിക കോടതി. സന്ദീപ് ഘോഷിനൊപ്പം തല പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള മുൻ ഉദ്യോഗസ്ഥൻ അഭിജിത് മൊണ്ടോളിനും ജാമ്യം ലഭിച്ചിട്ടുണ്ട്.
90 ദിവസത്തിനുള്ളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എ.സി.ജെ.എം) സന്ദീപ് ഘോഷിനും അഭിജിത് മൊണ്ടോളിനും ജാമ്യം അനുവദിച്ചത്.
2000 രൂപ വീതമുള്ള ആൾ ജാമ്യത്തിലാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. കേന്ദ്ര ഏജൻസി വിളിക്കുമ്പോൾ പ്രതികൾ സി.ബി.ഐക്ക് മുമ്പാകെ ഹാജരാകണമെന്നും കോടതി പറഞ്ഞു. എന്നിരുന്നാലും, ആർ.ജി. കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഘോഷ് ജയിലിൽ തുടരും.
ആഗസ്റ്റ് ഒമ്പതിന് ആർ.ജി. കാർ ഹോസ്പിറ്റലിലെ ഡ്യൂട്ടി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതാണ് അഭിജിത് മൊണ്ടോളിനെതിരെയുള്ള കുറ്റം. സന്ദീപ് ഘോഷിനെതിരെയുള്ള കേസ് സംഭവത്തിലെ തെളിവുകൾ നശിപ്പിച്ചുവെന്നതായിരുന്നു.
ആർ.ജി. കാർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞു.
ഓഗസ്റ്റ് ഒമ്പതിനാണ് കൊല്‍ക്കത്ത ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിഭാഗം ഡോക്ടറായ 31 കാരിയെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ക്രൂര പീഡനത്തിന് വിധേയമായതായി കണ്ടെത്തി. തുടര്‍ന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.
Content Highlight: Kolkata Doctor Rape Case: Court grants bail to ex-principal Sandip Ghosh as CBI fails to file case within 90 days