സീതയെന്ന് സിംഹത്തിന് പേര് നല്‍കുന്നതില്‍ എന്താണ് ബുദ്ധിമുട്ട്; വി.എച്ച്.പിയുടെ ഹരജിയില്‍ കൊല്‍ക്കത്ത ഹൈക്കോടതി
national news
സീതയെന്ന് സിംഹത്തിന് പേര് നല്‍കുന്നതില്‍ എന്താണ് ബുദ്ധിമുട്ട്; വി.എച്ച്.പിയുടെ ഹരജിയില്‍ കൊല്‍ക്കത്ത ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st February 2024, 4:08 pm

കൊല്‍ക്കത്ത: സിലിഗുഡി സഫാരി പാര്‍ക്കിലെ പെണ്‍സിംഹത്തിന് സീതയെന്ന് പേരുനല്‍കരുതെന്ന വിശ്വഹിന്ദു പരിഷത്തിന്റെ വിചിത്ര ഹരജിയില്‍ പ്രതികരണവുമായി കൊല്‍ക്കത്ത ഹൈക്കോടതി.

സിംഹത്തിന് സീതയെന്ന് പേര് നല്‍കുന്നതില്‍ എന്താണ് ഇത്ര ബുദ്ധിമുട്ട് എന്ന് ഹരജിക്കാരായ വി.എച്ച്.പി പ്രവര്‍ത്തകരോട് കോടതി ചോദിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദുമത വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവങ്ങളല്ലേ എന്നും അഭിഭാഷകനോട് കോടതി ചോദിച്ചു.

ഈ വിഷയത്തില്‍ എന്താണ് നിങ്ങള്‍ തെറ്റായി കാണുന്നതെന്നും സിംഹമില്ലാത്ത ദുര്‍ഗ ദേവിയുടെ ചിത്രത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോയെന്ന് കോടതി ഹരജിക്കാരോട് ചോദിക്കുകയും ചെയ്തു. കൊല്‍ക്കത്ത ഹൈക്കോടതിയിലെ സെര്‍ക്യൂട്ട് ബെഞ്ചാണ് വി.എച്ച്.പി നല്‍കിയ ഹരജി പരിഗണിച്ചത്.

വി.എച്ച്.പി ഫയല്‍ ചെയ്ത ഹരജി റിട്ട് ഹരജിയാണെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തില്‍ പ്രസ്തുത പരാതി കോടതിയില്‍ സമര്‍പ്പിച്ചതെന്നും കോടതി ചോദിച്ചു. ഒരു വ്യക്തിയുടെ മൗലികാവകാശം തടസപ്പെട്ടാല്‍ മാത്രമേ റിട്ട് ഹരജി സമര്‍പ്പിക്കാന്‍ കഴിയുകയുള്ളുവെന്നും ഒരു സംഘടനയെ സംബന്ധിച്ച് പൊതുതാത്പര്യ ഹരജി മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.

അതേസമയം പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയ ഉദ്യോഗസ്ഥര്‍ ഹരജിയില്‍ വി.എച്ച്.പി പറയുന്ന വാദങ്ങള്‍ തെറ്റാണെന്നും ഹരജി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ത്രിപുരയില്‍ നിന്ന് കൊണ്ടുവരുമ്പോള്‍ തന്നെ സിംഹങ്ങളുടെ പേരുകള്‍ ഇങ്ങനെ ആയിരുന്നുവെന്നും പേരുകളില്‍ തങ്ങള്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കോടതിയെ ബോധിപ്പിച്ചു.

അതേപക്ഷം ബംഗാളില്‍ എത്തിച്ചതിന് ശേഷമാണ് സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നീ പേരുകള്‍ നല്‍കിയതെങ്കില്‍ പരാതിയില്‍ പരിശോധന നടത്താമെന്നും ഇനി അങ്ങനെയല്ലായെങ്കില്‍ ഹരജി തള്ളാവുന്നതുമാണെന്നാണ് കോടതി അറിയിച്ചത്.

സഫാരി പാര്‍ക്കില്‍ സീത എന്ന സിംഹത്തെ അക്ബര്‍ എന്ന ആണ്‍സിംഹത്തോടൊപ്പം താമസിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് വി.എച്ച്.പി ഹരജി സമര്‍പ്പിച്ചത്. കൂടാതെ ഹരജിയില്‍ സിംഹത്തിന് സീത എന്ന പേര് നല്‍കരുതെന്നും അത് ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നും വി.എച്ച്.പി പറഞ്ഞിരുന്നു.

Content Highlight: Kolkata court asked the petitioners, VHP leaders, what was the difficulty in naming the lion Sita