| Monday, 2nd June 2014, 7:35 am

കൊല്‍ക്കത്തയുടെ തേരോട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ബാംഗ്ലൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം സീസണ്‍ ഫൈനല്‍ അവസാനിച്ചപ്പോള്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ തങ്ങളോട് എതിരിട്ട കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മൂന്നു വിക്കറ്റിന് കീഴടക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയികളായത്.

ആദ്യം ബാറ്റു ചെയ്ത പഞ്ചാബിന്റെ വൃദ്ധിമാന്‍ സാഹയുടെ സെഞ്ച്വറിയടക്കം 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തെങ്കിലും കൊല്‍ക്കത്തയുടെ ആവേശത്തിനുമുന്നില്‍ പരാജയപ്പെടുകയായിരുന്നു.

മൂന്നു പന്ത് ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യം കാണുകയായിരുന്നു. 50 പന്തില്‍ ഏഴ് ബൗണ്ടറിയും ആറ് സിക്‌സറും ഉള്‍പ്പെട 94 റണ്‍സ് നേടിയ കര്‍ണാടക്കാരനായ ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയാണ് നൈറ്റ് റൈഡേഴ്‌സിനെ അജയ്യരാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത്.

പാണ്ഡെയ്ക്ക് പുറമെ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍(17 പന്തില്‍ 23), യൂസഫ് പത്താന്‍( 22 പന്തില്‍ 36) എന്നിവര്‍ക്കൊപ്പം അവസാന ഓവറുകളില്‍ മന:സാന്നിധ്യം കൈവിടാതെ ഷോട്ടുകള്‍ കളിച്ച പിയൂഷ് ചൗള(5 പന്തില്‍ 13 നോട്ടൗട്ട്)യും കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോററായ റോബിന്‍ ഉത്തപ്പ ആദ്യ ഓവറില്‍ തന്നെ പുറത്തായിരുന്നു.

ഐ.പി.എല്ലിന്റെ ഫൈനലില്‍ ആദ്യമായി സെഞ്ച്വറി സൃഷ്ടിക്കാന്‍ വൃദ്ധിമാന്‍ സാഹയിലൂടെ പഞ്ചാബിനു കഴിഞ്ഞെങ്കിലും പരാജയം രുചിക്കാനായിരുന്നു വിധി. ടീമിന്റെ പ്രതീക്ഷകളായിരുന്ന വീരേന്ദര്‍ സെവാഗും ഗ്ലെന്‍ മാക്‌സ്വെല്ലും ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയും പരാജയപ്പെട്ട മല്‍സരത്തില്‍ സാഹക്കൊപ്പം ഓപ്പണര്‍ മനന്‍ വോറയും മികവു പുലര്‍ത്തി.

We use cookies to give you the best possible experience. Learn more