| Tuesday, 16th July 2024, 8:08 pm

കോലാപൂരില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടക്കുന്നത് ഭീകരാക്രമണം, മഹാരാഷ്ട്ര സര്‍ക്കാര്‍ വെറും നോക്കുകുത്തി: ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയില്‍ മുസ്‌ലിം പള്ളിക്ക് നേരെയും വീടുകള്‍ക്ക് നേരെയും ഹിന്ദുത്വ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. കോലാപൂരില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടക്കുന്നത് ഭീകരാക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.

കോലാപ്പൂരിലെ ആക്രമണങ്ങളില്‍ ഇടപെടാതെ സര്‍ക്കാര്‍ വെറും കാഴ്ചക്കാരായി നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോലാപൂരിൽ കഴിഞ്ഞ ദിവസം ഹിന്ദുത്വ പ്രവർത്തകർ പള്ളി തകർത്തതിന് പിന്നാലെ നിരവധി മുസ്‌ലിം വീടുകൾക്ക് നേരെയും ആക്രമണം നടന്നിരുന്നു. ഞായറാഴ്ച 5060 വീടുകളാണ് ഹിന്ദുത്വ പ്രവർത്തകർ തകർത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആയിരക്കണക്കിന് ഹിന്ദുത്വ പ്രവർത്തകർ വീടുകൾ കൊള്ളയടിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമണം ഉണ്ടായതോടെ പ്രദേശത്തെ താമസക്കാർ വീടുകളിൽ നിന്ന് ഇറങ്ങി ഓടി വനങ്ങളിൽ ഒളിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

വാഹനങ്ങളും വീടുകളും തീവെച്ച് നശിപ്പിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ജയ് ശ്രീറാം വിളിച്ചെത്തിയ സംഘമാണ് കോലാപൂരിലെ ഗജാപൂർ ഗ്രാമത്തിലെ മസ്ജിദ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. സംഘം പള്ളി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാവി ഷാൾ ധരിച്ചെത്തിയ സംഘം പള്ളിക്ക് മുകളിൽ കയറി ആയുധങ്ങൾ ഉപയോഗിച്ച് കെട്ടിടം തകർക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

കോടാലിയും ചുറ്റികയും ഉപയോഗിച്ച് സംഘം പള്ളിയുടെ താഴികക്കുടങ്ങൾ തകർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് കേടായ ജനാലകളും ഖുർആനിന്റെ കത്തിച്ച പേജുകളും കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണം നടക്കുമ്പോൾ പള്ളിയിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

പള്ളി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പ്രതികരണവുമായി രംഗത്തെത്തി. ഡിസംബർ ആറ് രാജ്യത്ത് വീണ്ടും ആവർത്തിക്കുകയാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

Content Highlight: Kolhapur violence is a ‘terrorist attack’: Asaduddin Owaisi

We use cookies to give you the best possible experience. Learn more