ആസാം കലാപം: മരണം 21ആയി, അരലക്ഷത്തോളം പേര്‍ പലായനം ചെയ്തു
India
ആസാം കലാപം: മരണം 21ആയി, അരലക്ഷത്തോളം പേര്‍ പലായനം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th July 2012, 8:59 am

കൊക്രാജാര്‍: ആസാമില്‍ ബോഡോലാന്റ് നിയന്ത്രണത്തിലുള്ള കൊക്രാജാര്‍ ജില്ലയില്‍ കലാപത്തില്‍ മരണമടഞ്ഞവരുടെയെണ്ണം 21 ആയി. നാലു മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയതോടെയാണിത്. ജില്ലയില്‍ കലാപം തുടരുകയാണ്. ഗൗരംഗ നദീതീരത്തുനിന്നാണ് നാലു ജഡങ്ങള്‍ കണ്ടെടുത്തത്. []

അരലക്ഷത്തോളം പേര്‍ ഇവിടെ നിന്നും പലായനം ചെയ്തതായി അധികൃതര്‍ അറിയിച്ചു. അയല്‍ ജില്ലകളില്‍ തുറന്ന 37 ക്യാമ്പുകളിലാണ് ഇവര്‍ക്ക് അഭയസ്ഥാനം ഒരുക്കിയത്. കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, ജില്ലയില്‍ പുതിയ സംഘര്‍ഷകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദല്‍ഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസ് ജില്ലയിലെ പ്രതാപ്ഘട്ടില്‍ ജനങ്ങള്‍ തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പത്ത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഗോത്രവര്‍ഗക്കാരും മുസ്‌ലീംകളും തമ്മിലാണ് ശനിയാഴ്ച സംഘര്‍ഷമുണ്ടായത്.

ജില്ലയിലെ ബോഡോ ഗോത്രവര്‍ഗക്കാര്‍ക്ക് സ്വാധീനമുള്ള പ്രദേശത്ത് വെള്ളിയാഴ്ച രാത്രി അജ്ഞാതന്‍ നാല് യുവാക്കളെ കൊന്നതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

ഇതില്‍ പ്രതിഷേധിച്ച്  ഓള്‍ ആസാം മൈനോരിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.എ.എം.എസ് യു)വിന്റെ ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദിനിടെയാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. ബലംപ്രയോഗിച്ച് കടകള്‍ അടപ്പിക്കുന്നതിനിടെ പോലീസ് വെടിവയ്പിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്.  ഒരു ദുരിതാശ്വാസ ക്യാംപും ബോഡോ വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലും ഏതാനും വീടുകളും അഗ്നിക്കിരയായി. കൂടുതല്‍ സ്ഥലങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.  ഇതേ തുടര്‍ന്ന് അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. പട്ടാളം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷ മേഖലകളില്‍ അനിശ്ചിതകാല കര്‍ഫ്യൂ തുടരുകയാണ്. 18 കമ്പനി സൈനികരെയാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.

സംഘര്‍ഷം അയല്‍ ജില്ലയായ ചിരാംഗിലേക്കും  വ്യാപിക്കുമെന്ന് സൂചനയുണ്ട്. വനങ്ങളില്‍ നിന്നും റോഡരികില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ഥിതി ഗുരുതരമാണെന്നും കൂടുതല്‍ സേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അസം ഐ.ജി എസ്.എന്‍ സിങ് അറിയിച്ചു.