| Thursday, 2nd November 2017, 8:22 am

'ഞാന്‍ ഞെട്ടി മാമാ...'; താനടിച്ച സിക്‌സ് കണ്ട് സ്വയം അമ്പരന്ന് കോഹ്‌ലി, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ടി-20 ക്രിക്കറ്റില്‍ പടുകൂറ്റന്‍ സിക്‌സുകള്‍ പുതുമയുള്ള കാര്യമല്ല. കൂറ്റന്‍ സിക്‌സുകളും മിന്നുന്ന ബൗണ്ടറികളുമാണ് അതിവേഗ ക്രിക്കറ്റിന്റെ ആവേശവും. ചീറിപ്പാഞ്ഞുവരുന്ന പന്തുകളെ അതിര്‍ത്തിക്കപ്പുറത്തേക്ക് പായിക്കുക എന്നതാണ് ടി-20 ശൈലി.

താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനം കണ്ട് അമ്പരന്നിരിക്കുന്ന എതിര്‍ ടീം താരങ്ങളെയും കാണികളുടെ പലപ്പോഴും മത്സരങ്ങള്‍ക്കിടെ കാണാറുമുണ്ട്. എന്നാല്‍ താനടിച്ച സിക്‌സ് കണ്ട് സ്വയം അമ്പരക്കുന്ന താരങ്ങള്‍ ക്രിക്കറ്റില്‍ അത്ര പരിചയമുള്ള കാഴ്ചയല്ല.


Also Read: നെഹ്‌റ-ഒരു വണ്‍സൈഡ് പ്രണയകഥ


ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം അത്തരമൊരു കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് താനടിച്ച സിക്‌സ് കണ്ട് അമ്പരന്നുപോയത്.

ഗ്രാന്‍ഡ് ഹോം എറിഞ്ഞ 17 ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു കോഹ്‌ലി സ്വയം അമ്പരന്ന സിക്‌സ് പിറന്നത്. ധവാനും പാണ്ഡ്യയും പുറത്തായ ശേഷം ക്രീസിലെത്തിയ ഇന്ത്യന്‍ നായകന്‍, ഗ്രാന്ഡ് ഹോം എറിഞ്ഞ പന്ത് ഉയര്‍ത്തിയടിച്ച് ഗാലറിക്ക് മുകളിലെത്തിക്കുകയായിരുന്നു.

തന്റെ പടുകൂറ്റന്‍ സിക്‌സ് കണ്ട് കോഹ്‌ലി തന്നെ അമ്പരന്നു നില്‍ക്കുന്നത് വീഡിയോ റിപ്ലേയില്‍ വ്യക്തമായിരുന്നു. തന്റെ അത്ഭുതം നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ ഉണ്ടായിരുന്ന രോഹിതുമായി താരം പങ്കുവെക്കുകയും ചെയ്തു.


Also Read: ഇവരാണ് ക്രിക്കറ്റ് ജീവിതത്തില്‍ കണ്ട ഏറ്റവും കുശാഗ്ര ബുദ്ധികളായ താരങ്ങള്‍; വെളിപ്പെടുത്തലുമായി ആശിഷ് നെഹ്‌റ


ഇന്നലെ നടന്ന ആദ്യ ടി-20 യില്‍ 53 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത്. ആശിഷ് നെഹ്‌റയുടെ അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യ ടി-20 യില്‍ ഇതുവരെയും കിവികളെ തോല്‍പ്പിച്ചിട്ടില്ലെന്ന ചരിത്രവും തിരുത്തി.

ശിഖര്‍ ധവാന്റേയും രോഹിത് ശര്‍മ്മയുടേയും വെടിക്കെട്ട് ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് ഇന്ത്യ കിവിസിനെ പരാജയപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് 158 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ മൂന്നിന് 202 എന്ന മികച്ച ലക്ഷ്യമാണ് ഇന്ത്യന്‍ ടീം കിവീസിനു മുന്നിലുയര്‍ത്തിയത്. 80 റണ്‍സ് വീതമെടുത്ത ധവാനും രോഹിതുമാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍മാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് തുടക്കത്തില്‍ തന്നെ പാളുകയായിരുന്നു. 28 റണ്‍സെടുത്ത ക്യപ്റ്റന്‍ വില്യംസണും 39 എടുത്ത ലാഥവുമാണ് കിവീസിന്റെ ടോപ്പ് സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി ചാഹലും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അവസാന മത്സരത്തിനിറങ്ങിയ നെഹ്റയ്ക്ക് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. ഭുവനേശ്വറിനും ബുംറയ്ക്കും ഓരോ വിക്കറ്റുകള്‍ വീതമുണ്ട്.

വീഡിയോ:

We use cookies to give you the best possible experience. Learn more