ന്യൂദല്‍ഹി: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും വിരാട് കോഹ്‌ലി തന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമെന്ന് വ്യക്തമാക്കി ബി.സി.സി.ഐ. ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ വിരാട് കോഹ്‌ലിയെ ഏകദിന-ടി-20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ മുഴുവന്‍ തള്ളിയാണ് ധുമാല്‍ രംഗത്തു വന്നിരിക്കുന്നത്.
‘വാര്‍ത്തകളില്‍ പറയും പോലെ അത്തരത്തില്‍ ഒന്നും നടക്കുന്നില്ല. ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്തകള്‍ വെറും മാധ്യമ സൃഷ്ടികള്‍ മാത്രമാണ്,’ ധുമാല്‍ പറഞ്ഞു. കോഹ്‌ലി തന്നെ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കുമെന്നും ധുമാല്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ വിരാട് കോഹ്‌ലിയെ ഏകദിന-ടി-20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മ ടീമിനെ നയിക്കുമെന്നും കോഹ്‌ലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് തുടരുമെന്നുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. ഈ വാര്‍ത്തകളെയാണ് ബി.സി.സി.ഐ തള്ളിയിരിക്കുന്നത്.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളെന്ന് ഇതിനോടകം പേരെടുത്ത് കഴിഞ്ഞ കോഹ്ലി കുറച്ച് നാളുകളായി സ്ഥിരതയാര്‍ന്ന പ്രകടനമല്ല കാഴ്ചവെക്കുന്നത്.
95 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്ലി 65 മത്സരങ്ങളില്‍ ടീമിന് വിജയം നേടിക്കൊടുത്തു. 45 ടി-20യില്‍ നിന്നായി 29 വിജയവും നേടിയിട്ടുണ്ട്.
പല രാജ്യങ്ങളും ഇതിന് മുന്‍പ് തന്നെ ഇരട്ട ക്യാപ്റ്റന്‍മാരെ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ആസ്ട്രേലിയയ്ക്കായി മാര്‍ക്ക് ടെയ്ലറും സ്റ്റീവ് വോയും ഒരേസമയങ്ങളില്‍ രണ്ട് ഫോര്‍മാറ്റുകളില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിരുന്നിട്ടുണ്ട്.
പിന്നീട് സ്റ്റീവ് വോയും റിക്കി പോണ്ടിംഗും ഓസീസിന്റെ ക്യാപ്റ്റന്‍മാരായി.
ദക്ഷിണാഫ്രിക്കയ്ക്കായി എബി ഡിവില്ലിയേഴ്സും ഫാഫ് ഡുപ്ലെസിസും ഒരേസമയം നായകന്‍മാരായിട്ടുണ്ട്. 2007 ല്‍ ഇന്ത്യന്‍ ക്രിക്കറ്റിലും ഇത്തരമൊരു പരീക്ഷണമുണ്ടായിരുന്നു.
അനില്‍ കുംബ്ലെ ടെസ്റ്റ് ക്യാപ്റ്റനായിരുന്നപ്പോള്‍ മഹേന്ദ്രസിംഗ് ധോണിയാണ് ടി-20, ഏകദിന ടീമുകളെ നയിച്ചിരുന്നത്. 2015 ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ കോഹ്ലി ക്യാപ്റ്റനായി. 2017 വരെ ധോണി നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചു.