വീണ്ടും സെഞ്ച്വറി നഷ്ടം; സച്ചിന്റെ മറ്റൊരു റെക്കോഡ് തകര്‍ത്തു
ലോകകപ്പിലെ 32ാം മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും വാംഖഡെയില്‍ ഏറ്റുമുട്ടുകയാണ്. ആവേശപ്പോരില്‍ ടോസ് നേടിയ ലങ്ക ഫീല്‍ഡിങ് തെരെഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടു. ഓപ്പണിങ് ബൗള്‍ ചെയ്ത മധുശങ്ക ആദ്യ പന്തില്‍ ഒരു ബൗണ്ടറി വഴങ്ങിയപ്പോള്‍ രണ്ടാം പന്തില്‍ രോഹിത്തിന്റെ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.
രോഹിത്തിന് ശേഷം ഇറങ്ങിയ വിരാട് കോഹ്‌ലിയും ഓപ്പണര്‍ ശുഭ്മന്‍ ഗില്ലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗില്‍ 92 (92) റണ്‍സും കോഹ്ലി 88 (94) റണ്‍സിനും നേടി പുറത്താവുകയായിരുന്നു. എന്നാല്‍ മത്സരത്തില്‍ ‘കിങ്’ കോഹ്‌ലിക്ക് വന്‍ റെക്കോഡുകളാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. രോഹിത്തിനും ഗില്ലിനും നിസ്സങ്കക്കും ശേഷം 2023 ഏകദിന 1000 റണ്‍സ് തികക്കുന്ന നാലാമത്തെ താരമാവുകയാണ് കോഹ്‌ലി.
ഇത് എട്ടാം തവണയാണ് കോഹ്‌ലി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കുന്നത്. ശേഷം മറ്റൊരു നേട്ടം കൂടെ കോഹ്‌ലിയെ തേടി വന്നിരിക്കുകയാണ്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 1000 റണ്‍സ് എടുത്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ടുല്‍ക്കറുടേയും റെക്കോഡും മറികടക്കുകയാണ് കോഹ്‌ലി. ഇതോടെ എട്ട് തവണയാണ് (2011, 2012, 2013, 2014, 2017, 2018, 2019, 2023) കോഹ്‌ലി ഈ നേട്ടം കൈവരിക്കുന്നത്. സച്ചിന്‍ ഏഴ് തവണമാത്രമാണ് ഈ നേട്ടം കൈവരിച്ചത് (1994, 1996, 1997, 1998, 2000, 2003, 2007).
അതോടൊപ്പം കോഹ്‌ലി ഏകദിനത്തില്‍ 49 സെഞ്ച്വറി നേടിയ സച്ചിന്റെ റെക്കോഡിനരികിലുമായിരുന്നു. ശ്രീലങ്കക്കെതിരെ സെഞ്ച്വറി നേടിയിരുന്നെങ്കില്‍ ഇതിഹാസനേട്ടത്തിനൊപ്പമെത്താമായിരുന്നു. ദില്‍ഷന്‍ മധുശങ്കയാണ് മൂവരുടൊയും വിക്കറ്റ് സ്വന്തമാക്കിയത്.
റെക്കോഡ് നേട്ടത്തിന് 34 റണ്‍സ് ബാക്കി നില്‍ക്കെ വാംഖഡെയില്‍ ശ്രീലങ്കക്കെതിരെ കോഹ്‌ലി പുതിയ ചരിത്രം കുറിക്കുകയാണ്. എകാനാ സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ കോഹ്‌ലി ഡക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലും ഇപ്പോള്‍ ലങ്കക്കെതിരെയും മികച്ച പ്രകടനമാണ് കിങ് കോഹ്‌ലി കാഴ്ചവെക്കുന്നത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളുമാണ് താരം 2023 ലോകകപ്പില്‍ അടിച്ച് കൂട്ടിയത്.
2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടിയപ്പോള്‍ ഇതേ സ്റ്റേഡിയത്തില്‍ മഹേന്ദ്ര സിങ് ധോണിയും സംഘവും ലങ്കയെ തറപറ്റിച്ചാണ് കിരീടം സ്വന്തമാക്കിയത്. എന്നാല്‍ ഈ ലോകകപ്പില്‍ ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാലെ ആദ്യ നാലില്‍ ഇടം നേടാനുള്ള സാധ്യതകള്‍ ലങ്കയ്ക്ക് നിലനിര്‍ത്താന്‍ കഴിയു. തുടര്‍ച്ചയായ ഏഴാം വിജയത്തിനായി ഇന്ത്യയും മുന്നിലുണ്ട്.
Content Highlight : Kohli Surpasses Sachin Tendulkar