| Wednesday, 29th December 2021, 8:20 pm

സെഞ്ച്വറിയടിക്കാതെ രണ്ട് വര്‍ഷങ്ങള്‍: 71ാം അന്താരാഷ്ട്ര സെഞ്ച്വറിക്ക് കോഹ്‌ലിക്ക് ഇനിയും കാത്തിരിക്കണം

മുഹമ്മദ് ഫിജാസ്

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റര്മാരില് മുന്നിരയിലുള്ള താരമാണ് വിരാട് കോഹ്‌ലി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെയും ക്രിക്കറ്റ് നിരീക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റാന് വിരാടിന് സാധിച്ചിരുന്നു. എന്നാല് കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് വിരാട് ഇപ്പോള് കടന്നുപോകുന്നത്.

ഈ വര്ഷം അന്താരാഷ്ട്ര ക്രിക്കറ്റില് ആകെ 30 ഇന്നിംഗ്‌സില് ബാറ്റ് ചെയ്ത വിരാടിന് ഒരു സെഞ്ച്വറി നേടാന് സാധിച്ചിട്ടില്ല. തന്റെ 71ാം അന്താരാഷ്ട്ര സെഞ്ച്വറിക്കായി കോഹ്‌ലിയുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് 2 കൊല്ലത്തോളമായി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്നുകൊണ്ടികരിക്കുന്ന ആദ്യ ടെസ്റ്റില് രണ്ട് ഇന്നിംഗ്‌സിലും ബാറ്റുകൊണ്ട് കാര്യമായ സംഭാവന നല്കാന് കോഹ് ലിക്ക് പറ്റിയില്ല. 35 ഉം 18 മായിരുന്നു വിരാടിന്റെ സ്‌കോറുകള്. ഇതോടെ കോഹ്‌ലിയുടെ സെഞ്ച്വറിക്കുവേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് 2022ലേക്ക് നീളും. 2016 തൊട്ട് 2018 വരെയുള്ള വര്ഷങ്ങളാണ് വിരാടിന്റെ കരിയറിലെ ഏറ്റവും മികച്ച വര്ഷങ്ങളെന്ന് വിലയിരുത്തപ്പെടുന്നത്. ഈ കാലയളവില് ഒരോ 5 ഇന്നിംഗ്‌സിലും വിരാട് സെഞ്ച്വറി തികച്ചിരുന്നു.

2019 നവംബര് 23ന് ബംഗ്ലാദേശിനെതിരെ കൊല്ക്കത്തയിലെ ഈഡന് ഗാര്ഡനിലാണ് വിരാട് അവസാനമായി സെഞ്ച്വറി നേടിയത്. 194 പന്തില് 136 രണ്സാണ് കോഹ്ലി അന്ന് അടിച്ചുകൂട്ടിയത്. ഇന്ത്യയുടെ ആദ്യ പിങ്ക് ബോള് ടെസ്റ്റ് മത്സരമായിരുന്നു അത്.

70 ശതകങ്ങള് തികയ്ക്കുന്ന മൂന്നാമത്തെ ബാറ്ററായിരുന്നു വിരാട്. 100 സെഞ്ച്വറിയുമായി സച്ചിന് ടെന്ഡുല്ക്കറും 71 സെഞ്ച്വറിയുമായി റിക്കി പോണ്ടിംഗും മാത്രമാണ് വിരാടിന് മുന്നിലുള്ളത്. എന്നാല് അതിന് ശേഷം ഒരു ശതകം പോലും നേടാന് കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല.

2016 തൊട്ട് 2019 വരെയുള്ള കാലയളവില് 36 സെഞ്ച്വറികളാണ് വിരാട് അടിച്ചുകൂട്ടിയത്. 2012ല് ഏഷ്യ കപ്പില് പാകിസ്ഥാനെതിരെ നേടിയ 183 റണ്സാണ് വിരാടിന്റെ ഉയര്ന്ന സ്‌കോര്.

2020ല് 9 ഏകദിനങ്ങളും 3 ടെസ്റ്റുകളും 9 ട്വന്റി-20 മത്സരങ്ങളും ഇന്ത്യക്ക് വേണ്ടി വിരാട് കളിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ലെങ്കിലും ഏകദിനത്തിലും ട്വന്റി-20യിലും മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുണ്ട്. ഏകദിനത്തില് 9 ഇന്നിംഗ്‌സില് നിന്നും 5 അര്ധശതകങ്ങള് അദ്ദേഹം നേടിയിട്ടുണ്ട്.

ട്വന്റി-20യിലും 9 ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത വിരാട് 141 പ്രഹരശേഷിയില് 295 റണ്ണുകള് നേടിയിട്ടുണ്ട്. എന്നാല് ടെസ്റ്റില് 2020ല് 6 ഇന്നിംഗ്‌സില് ബാറ്റ് ചെയ്ത വിരാട് ആകെ നേടിയത് 19 ശരാശരിയില് 116 റണ്ണുകളാണ്. ടെസ്റ്റ് കരിയറില് കോഹ്‌ലി മറക്കാനാഗ്രഹിക്കുന്ന വര്ഷമായിരിക്കും 2020. 2021ല് കോഹ്‌ലി സെഞ്ച്വറി അടിച്ച് തിരിച്ചുവരുമെന്ന് ആരാധകര് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ഓരോ മത്സരങ്ങള് കഴിയുമ്പോഴും അടുത്ത മത്സരത്തില് വിരാട് സെഞ്ച്വറിയടിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചുകൊണ്ടിരുന്നു. എന്നാല് ഇപ്പോള് 2021ലേയും മത്സരങ്ങളും അവസാനിച്ചിരിക്കുന്നു.

ആരാധകരുടെയും വിരാടിന്റെയും കാത്തിരിപ്പ് 2022ലേക്കും തുടരും. കോഹ്ലിയുടെ കരിയറിലെ ഏറ്റവും മോശം വര്ഷമായിരിക്കും ഒരുപക്ഷെ 2021. ബാറ്റര് എന്ന നിലയില് ഏകദിനത്തിലും ട്വന്റി-20യിലും നല്ല പ്രകടനങ്ങള് ഈ വര്ഷവും വിരാട് നടത്തിയിട്ടുണ്ട്. എന്നാല് ടെസ്റ്റില് 15 ഇന്നിംഗ്‌സില് നിന്നും 28 ശരാശരിയില് വെറും 426 റണ്ണുകളാണ് താരം സ്‌കോര് ചെയ്തത്. ഇതുകൂടാതെ നിശ്ചിത ഓവര് ക്രിക്കറ്റിലെ ക്യാപ്റ്റന് സ്ഥാനവും വിരാടിന് നഷ്ടമായി.

ഇന്ത്യയില് നടന്ന ട്വന്റി-20 ലോകകപ്പില് ഗ്രൂപ്പ് സ്റ്റേജില് നിന്നും പുറത്തായതുമെല്ലാം വിരാടിന്റെ മോശം സമയത്തെ ഒന്നുംകൂടെ മോശമാക്കുന്നതായിരുന്നു. ഈ കാലഘട്ടത്തിലെ ഇന്ത്യയുടെ മികച്ച ബാറ്ററായ വിരാടിന് ഇങ്ങനെയൊരു അവസ്ഥ വരുന്നത് പരിതാപകരമായാണ് വിലയിരുത്തുന്നത്. എന്നാല് വിമര്ശനങ്ങള്ക്ക് എന്നും ബാറ്റുകൊണ്ട് മറുപടി നല്കിയിട്ടുള്ള വിരാട് മികച്ച രീതിയില് തിരിച്ച് വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

COTENT HIGHLIGHTS:  Two years without scoring a century: Kohli still has to wait for the 71st international century

മുഹമ്മദ് ഫിജാസ്

We use cookies to give you the best possible experience. Learn more