ന്യൂദല്‍ഹി: മഹേന്ദ്ര സിങ് ധോനിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ധോനിയുടെ ടീമിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച ഒരു കാര്യവും ബി.സി.സി.ഐ പ്രസിഡന്റായ സൗരവ് ഗാംഗുലി തന്നോട് സംസാരിച്ചിട്ടില്ലെന്ന് കോഹ്‌ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായതിനെക്കുറിച്ചും കോഹ്‌ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര വിജയത്തിനു ശേഷം സംസാരിച്ചു.
‘ഞാന്‍ അദ്ദേഹത്തെ (ഗാംഗുലി) അഭിനന്ദിച്ചിരുന്നു. അദ്ദേഹം ബി.സി.സി.ഐ പ്രസിഡന്റായതു വളരെ നല്ല കാര്യമാണ്. അദ്ദേഹം ഞാനുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. കാണണമെന്നാവശ്യപ്പെട്ടാല്‍ ഞാന്‍ അദ്ദേഹത്തെ ചെന്നു കാണും.’- കോഹ്‌ലി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ധോനിയുടെ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കോഹ്‌ലി നല്‍കിയ മറുപടിയിങ്ങനെയാണ്- ‘അദ്ദേഹം (ഗാംഗുലി) എന്നോട് അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.’.
ഒക്ടോബര്‍ 24-ന് കോഹ്‌ലിയുമായി താന്‍ ഇക്കാര്യം സംസാരിക്കുമെന്ന് ഗാംഗുലി പറഞ്ഞിരുന്നു. കൂടാതെ സെലക്ടര്‍മാരുമായും ധോനിയുടെ ഭാവിയെക്കുറിച്ച് സംസാരിക്കുമെന്നും അതിനുശേഷം തന്റെ അഭിപ്രായം പറയുമെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.
2019ലെ ലോകകപ്പ് സെമിഫൈനലില്‍ ടീം ഇന്ത്യ തോറ്റതിനു ശേഷം ഒരിക്കല്‍പ്പോലും ധോനി അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനവും ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലിമിറ്റഡ് ഓവര്‍ പരമ്പരകളും അദ്ദേഹം ഒഴിവാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആദ്യ രണ്ടാഴ്ച സൈന്യത്തില്‍ സേവനമനുഷ്ഠിക്കാനെന്ന വിശദീകരണവും നല്‍കി. അതിനു ശേഷം ദിവസങ്ങള്‍ കടന്നുപോയി. എന്നാല്‍ നവംബര്‍ വരെ ധോനിയെ ഇന്ത്യന്‍ ടീമില്‍ ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.