| Sunday, 12th March 2023, 1:17 pm

കാത്തിരിപ്പിനൊടുവില്‍ സെഞ്ച്വറി; അഹമ്മദാബാദില്‍ തിളങ്ങി കോഹ്‌ലി; നേട്ടം മൂന്ന് വര്‍ഷത്തിന് ശേഷം

സ്പോര്‍ട്സ് ഡെസ്‌ക്

അഹമ്മാബാദ് ടെസ്റ്റിന്റെ നാലാം ദിനം സെഞ്ച്വറിയടിച്ച് വിരാട് കോഹ്‌ലി. 241 പന്തുകളില്‍ നിന്നാണ് കോഹ്ലി നൂറടിക്കുന്നത്. ഇതോടെ കരിയറിലെ 75ാം സെഞ്ച്വറിയാണ് താരം നേടിയിരിക്കുന്നത്. അഞ്ച് ഫോറുകള്‍ പറത്തിയാണ് കോഹ് ലി സെഞ്ച്വറി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് കോഹ്‌ലി സെഞ്ച്വറിയടിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുള്ള താരത്തിന്റെ 28ാം സെഞ്ച്വറി കൂടിയാണിത്. സെഞ്ച്വറി നേടിയശേഷം ആവേശപ്രകടനങ്ങളൊന്നുമില്ലാതെ ബാറ്റുയര്‍ത്തിയ കോഹ്ലി കഴുത്തിലെ മാലയിലുള്ള ലോക്കറ്റില്‍ ചുംബിക്കുകയായിരുന്നു.

2019 നവംബര്‍ 22ന് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ ബംഗ്ലാദശേിനെതിരെ ആയിരുന്നു വിരാടിന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി. അന്ന് 136 റണ്‍സടിച്ചശേഷം കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 79 റണ്‍സടിച്ചതായിരുന്നു പിന്നീട് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍.

അതേസമയം, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 412 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോഹ്‌ലിയും അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍.

സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ഒന്നും ലഭിക്കാത്ത പിച്ചില്‍ കരുതലോടെയാണ് ഇന്ത്യ കളിക്കുന്നത്. മൂന്നാം ദിനത്തില്‍ രവീന്ദ്ര ജഡേജ തുടക്കത്തില്‍ ജാഗ്രതയോടെ കളിച്ചെങ്കിലും ടോഡ് മര്‍ഫിക്കെതിരെ അനാവശ്യ ഷോട്ട് കളിച്ച് പുറത്താവുകയായിരുന്നു.

84 പന്ത് നേരിട്ട ജഡേജ രണ്ട് ഫോറും ഒരു സിക്സും പറത്തിയാണ് 28 റണ്‍സടിച്ചത്. ജഡേജയുടെ വിക്കറ്റ് നഷ്ടമായതോടെ വിരാട് പ്രതിരോധത്തിലേക്ക് നീങ്ങിയത് അതിവേഗം സ്‌കോര്‍ ചെയ്ത് ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഇന്ത്യന്‍ തന്ത്രങ്ങളെ ബാധിക്കുകയും ചെയ്തു. ഓസ്ട്രേലിയയുടെ ലീഡ് പരമാവധി കുറക്കാനാകും ഇന്ത്യ ഇന്ന് ശ്രമിക്കുക.

Content Highlights: Kohli’s 75th century at Ahammadabd stadium

We use cookies to give you the best possible experience. Learn more