ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റിങ് നിര കരുത്തു കാട്ടിയിട്ടും ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത് ബൗളിങ് നിരയുടെ ദയനീയ പ്രകടമായിരുന്നു. ലങ്കന്‍ ബാറ്റിംഗ് നിരയെ വീഴ്ത്താന്‍ ഇന്ത്യന്‍ നിരയില്‍ നിന്നും ക്യാപ്റ്റന്‍ വിരാടുള്‍പ്പെടെ ഏഴുപേരായിരുന്നു ബോളെടുത്തത്.
ഏഴുപേരും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഫലം കാണതെ വന്നപ്പോഴും യുവരാജിന് പന്ത് നല്‍കാന്‍ ക്യാപ്റ്റന്‍ കോഹ്ലി തയ്യാറായതുമില്ല. മത്സര ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കേദര്‍ ജാദേവിന് പകരം യുവരാജിന് പന്തു നല്‍കാമായിരുന്നില്ലേയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നായകന്‍ നല്‍കിയ മറുപടി ചര്‍ച്ചയായിരിക്കുകയാണ്.
“യുവിയെ ഞങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ഞാനത് ആഗ്രഹിച്ചില്ല. കാരണം ജഡേജ ഇതിനോടകം തന്നെ ധാരാളം റണ്‍സ് വിട്ടുകൊടുത്തിരുന്നു ചെറിയ ബൗണ്ടറിയുളള ഈ ഗ്രൗണ്ടില്‍ ഇത്തരത്തിലുളള ബൗളര്‍മാരെ പന്തേല്‍പിക്കുന്നത് പ്രയാസകരമാണെന്ന് എനിക്ക് മനസിലായി. യുവരാജിന് ഈ പിച്ച് പ്രയാസം സൃഷ്ടിക്കുമെന്നും എനിക്ക് തോന്നി” താരം പറഞ്ഞു.
“എന്റെ ചിന്ത ഞാന്‍ ധോണിയുമായി പങ്കുവെച്ചു. ആ സമയത്തില്‍ കേദറായിരിക്കും നല്ലതെന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും തോന്നി. സാദാരണയായി ഇംഗ്ലണ്ടിലെ പിച്ചുകളില്‍ പന്തിന് അല്‍പം സീം ഉണ്ടെങ്കില്‍ അത് ബാറ്റ്‌സ്മാനെ കുഴക്കാറുണ്ട്. അക്കാര്യം പരീക്ഷിക്കാന്‍ തന്നെ ഞാന്‍ തീരുമാനിക്കുകയായിരുന്നു” കോഹ്ലി കൂട്ടിച്ചേര്‍ത്തു.
2011ലെ വേള്‍ഡ് കപ്പിലടക്കം ഇന്ത്യ മികച്ച ജയം നേടിയ പല ടൂര്‍ണ്ണമെന്റുകളിലും യുവിയുടെ ബൗളിങ് പ്രകടനം ടീമിനെ മുന്നില്‍ നിന്ന നയിച്ചിരുന്നു. നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ പന്തെറിഞ്ഞ് വിക്കറ്റെടുക്കുന്ന യുവിക്ക് പന്ത് നല്‍കിയാല്‍ വിക്കറ്റ് ലഭിക്കുമായിരുന്നുവെന്ന് മത്സരസമയത്ത് ക്രിക്കറ്റ് കമന്റേറ്റര്‍മാരും വിലയിരുത്തിയിരുന്നു.
എന്നാല്‍ ധോണിയുമായുള്ള ചര്‍ച്ചയാണ് യുവിയെ പന്തേല്‍പ്പിക്കാതിരിക്കാന്‍ കാരണമായതെന്നാണ് കോഹ്ലി തന്നെ വ്യക്തമാക്കിയത്.