| Saturday, 25th February 2023, 8:43 pm

ആറ് വേള്‍ഡ് കപ്പിന് ശേഷമാണ് സച്ചിനൊരു ട്രോഫി നേടിയത്, ഞാനത് ഒരു ലോകകപ്പ് കൊണ്ട് നേടിയെടുത്തു; മനസ്സ് തുറന്ന് വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം തങ്ങളുടെ രണ്ടാമത്തെ വിശ്വ കിരീടം നേടിയിട്ട് പന്ത്രണ്ട് വര്‍ഷം തികയാന്‍ പോവുകയാണ്. പരിചയ സമ്പന്നരായ മുന്‍ നിര താരങ്ങളും, യുവത്വത്തിന്റെ കരുത്തും ക്യാപ്റ്റന്‍സിയും ഒത്ത് ചേര്‍ന്ന ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയാണ് ഫൈനലില്‍ കപ്പുയര്‍ത്തിയത്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന വേള്‍ഡ് കപ്പുകൂടിയായിരുന്നു 2011ലേത്.

സച്ചിനോടൊപ്പമുള്ള വേള്‍ഡ് കപ്പ് ഓര്‍മ്മകള്‍ പങ്കു വെക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പോഡ്കാസ്റ്റ് വിത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്ന പ്രോഗ്രാമിലാണ് കോഹ്ലി മനസ് തുറന്നത്.

സച്ചിന്‍ തന്റെ കരിയറില്‍ ആറ് വേള്‍ഡ് കപ്പുകള്‍ കളിച്ച ശേഷമാണ് ഒരു കപ്പ് നേടിയതെന്നും എന്നാല്‍ ആദ്യ ലോകകപ്പില്‍ തന്നെ ട്രോഫി നേടാനായെന്നുമാണ് കോഹ്‌ലി പറഞ്ഞത്.

‘2011ലെ ലോകകപ്പ് ടീമിന്റെ ഭാഗമായത് തന്നെ എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. സെലക്ഷന്‍ കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല. വേള്‍ഡ് കപ്പ് ആരംഭിക്കുന്നതിന് മുമ്പ് നടന്ന മത്സരങ്ങളില്‍ എനിക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടായിരിക്കാം എനിക്ക് സെലക്ഷന്‍ കിട്ടിയത്.

സച്ചിന്‍ ബായിയുടെ ആറാമത്തെ വേള്‍ഡ് കപ്പ് മത്സരമായിരുന്നു 2011ലേത്. അത്രയും കാത്തിരുന്നാണ് അദ്ദേഹത്തിനൊരു ട്രോഫി നേടാനായത്. പക്ഷെ എന്റെ ആദ്യത്തെ വേള്‍ഡ് കപ്പായിരുന്നു. എനിക്കത് നേടാനായി,’ കോഹ്‌ലി പറഞ്ഞു.

സച്ചിന് ശേഷം ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ബാറ്ററായാണ് കോഹ്ലിയെ പലരും വിശേഷിപ്പിക്കുന്നത്. ടീമിന്റെ ക്യാപ്റ്റനെന്ന അധിക ഭാരം കൂടി തലയിലേറ്റേണ്ടി വന്ന താരം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്.

ഇടക്കാലത്ത് ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ട താരത്തിന് നേരെ വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. താരത്തിന് ക്യാപ്റ്റന്‍ സ്ഥാനവും വെച്ച് മാറേണ്ടി വന്നു. പിന്നീട് വമ്പിച്ച തിരിച്ച് വരവ് നടത്തിയ കോഹ്ലി ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.

Content Highlight: Kohli recalls 2011 worldcup memmories

We use cookies to give you the best possible experience. Learn more