| Thursday, 27th April 2023, 12:54 pm

സത്യം പറഞ്ഞാല്‍ ഞങ്ങള്‍ കളി അവരുടെ കയ്യില്‍ കൊണ്ടുക്കൊടുക്കുകയായിരുന്നു; പരാജയം അര്‍ഹിച്ചിരുന്നു; തോല്‍വിക്ക് പിന്നാലെ ഏറ്റുപറച്ചിലുമായി സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തോല്‍വിയേറ്റു വാങ്ങാനായിരുന്നു ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിധി. ബെംഗളൂരു ബൗളര്‍മാരെ തച്ചുതകര്‍ത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സായിരുന്നു സ്‌കോര്‍ ചെയ്തത്.

29 പന്തില്‍ 56 റണ്‍സടിച്ച ജേസണ്‍ റോയിയുടെയും 21 പന്തില്‍ 48 റണ്‍സ് നേടിയ നിതീഷ് റാണയുടെയും മികവിലായിരുന്നു കൊല്‍ക്കത്ത മികച്ച ടോട്ടലിലേക്കെത്തിയത്. ഫീല്‍ഡിങ്ങില്‍ റോയല്‍ ചലഞ്ചേഴ്‌സ് വരുത്തിയ പിഴവുകളും നൈറ്റ് റൈഡേഴ്‌സിന് അനുഗ്രഹമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിക്കും 34 റണ്‍സടിച്ച മഹിപാല്‍ ലോംറോറിനും മാത്രമായിരുന്നു ബെംഗളൂരു നിരയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാനായത്.

സൂപ്പര്‍താരങ്ങളായ ഫാഫ് ഡുപ്ലെസിസ് 17ഉം ഗ്ലെന്‍ മാക്‌സ്‌വെല്‍ 5 റണ്‍സും മാത്രമായിരുന്നു നേടിയത്. 27 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയുടെയും 2 വിക്കറ്റ് വീതം നേടിയ ആന്ദ്രേ റസലിന്റെയും സൂര്യാഷ് ശര്‍മയുടെയും മികച്ച ബൗളിങ്ങാണ് ബെംഗളൂരുവിനെ പിടിച്ചു കെട്ടാന്‍ നൈറ്റ് റൈഡേഴ്‌സിനെ സഹായിച്ചത്.

റോയല്‍ ചലഞ്ചേഴ്‌സിന്റെ തോല്‍വിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. തങ്ങള്‍ ഒട്ടും പ്രൊഫഷണലായല്ല മത്സരത്തെ സമീപിച്ചതെന്നും വിജയം അര്‍ഹിച്ചിരുന്നില്ലെന്നുമാണ് കോഹ്‌ലി പറയുന്നത്.

‘സത്യം പറഞ്ഞാല്‍ ഞങ്ങള്‍ കളി അവരുടെ കയ്യില്‍ കൊണ്ടുക്കൊടുക്കുകയായിരുന്നു. ഞങ്ങള്‍ പരാജയം അര്‍ഹിച്ചിരുന്നു. ഒട്ടും പ്രൊഫഷണലായിരുന്നില്ല. ഞങ്ങള്‍ നന്നായി ബൗള്‍ ചെയ്തു. പക്ഷേ ഫീല്‍ഡിങ് പരാജയമായിരുന്നു,’ മത്സരശേഷം കോഹ്‌ലി പറഞ്ഞു.

‘4-5 ഓവറുകള്‍ക്കിടയില്‍ ഫീല്‍ഡില്‍ ഞങ്ങള്‍ നിരവധി അവസരങ്ങള്‍ വിട്ടുകളഞ്ഞു. 25-30 റണ്‍സാണ് ഇതിലൂടെ എതിര്‍ ടീമിന് ഗുണമായത്. ബാറ്റിങ്ങിന്റെ കാര്യമാണെങ്കില്‍ ഏകദേശം നാലോ അഞ്ചോ വിക്കറ്റുകള്‍ ഞങ്ങള്‍ വെറുതെ വലിച്ചെറിഞ്ഞതാണ്. വിക്കറ്റ് ടേക്കിങ് ബോളുകളായിരുന്നില്ല അവ. എന്നിട്ടും അശ്രദ്ധമായി ബാറ്റര്‍മാര്‍ പുറത്തായി. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതിനിടയില്‍ ഒരു മികച്ച പാര്‍ട്‌നര്‍ഷിപ് ഉണ്ടായിരുന്നെങ്കില്‍ മത്സരം വരുതിയിലാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ അതുണ്ടായില്ല,’ കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

Content Highlights: Kohli reacts to the match against Calcutta

We use cookies to give you the best possible experience. Learn more