| Thursday, 6th September 2018, 2:47 pm

ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും കലാപം; കോഹ്‌ലി-ശാസ്ത്രി സഖ്യത്തിന്റെ ടീം സെലക്ഷനില്‍ താരങ്ങള്‍ക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ഇന്ത്യയുടെ ക്രിക്കറ്റ് ടീം സെലക്ഷനില്‍ നിരന്തരമായി വരുത്തുന്ന മാറ്റങ്ങള്‍ താരങ്ങളെ മാനസികമായി തളര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ ബാറ്റ്‌സ്മാന്‍മാര്‍ തുടര്‍ച്ചയായി പരാജയപ്പെടാന്‍ കാരണം ഇതാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ ചേതേശ്വര്‍ പൂജാരയ്ക്കും അജിങ്ക്യ രഹാനെയ്ക്കും പോലും എല്ലാ മത്സരങ്ങളിലും ടീമിലിടം നേടാനായിരുന്നില്ല. ഓപ്പണിംഗില്‍ മുരളി വിജയ്-ലോകേഷ് രാഹുല്‍-ശിഖര്‍ ധവാന്‍ ത്രയങ്ങളെ മാറി മാറി പരീക്ഷിച്ചിരുന്നു.

ALSO READ: 15-20 വര്‍ഷത്തിനിടയിലെ ഏറ്റവും നല്ല ടീമാണ് കൊഹ്‌ലിയുടേത്: രവിശാസ്ത്രി

ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത് തുടങ്ങിയവര്‍ വിക്കറ്റ് കീപ്പിംഗിലും മാറി മാറി പരീക്ഷിക്കപ്പെട്ടു. ടീമിലെ അരക്ഷിതാവസ്ഥ താരങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോഹ്‌ലി-ശാസ്ത്രി സഖ്യത്തിന്റെ തീരുമാനം പല താരങ്ങളെയും അസ്വസ്ഥരാക്കുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു മോശം ഫോമിന്റെ പേരില്‍ പലപ്പോഴും ടീമില്‍ നിന്ന് പുറത്താക്കുന്നു, വീണ്ടും അവസരം നല്‍കി മികച്ച പ്രകടനത്തിനായി കാത്തിരിക്കുന്നില്ല എന്നിവയാണ് താരങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍.

“അവര്‍ ആദ്യമെ ചില കാര്യങ്ങള്‍ പറയണമായിരുന്നു. ആദ്യ മൂന്ന് ടെസ്റ്റില്‍ ഒരേ ടീമിനെ ആയിരിക്കും പരിഗണിക്കുക, നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കൂ. അത് തരുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.”-ടീമംഗങ്ങളിലൊരാള്‍ പറയുന്നു.

ALSO READ: വീരവാദം മുഴക്കേണ്ട, ഒരു ടെസ്റ്റ് ജയം നേടാന്‍ ഗാംഗുലിയുടെ കാലത്ത് ഞങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്; രവി ശാസ്ത്രിക്കെതിരെ ആഞ്ഞടിച്ച് സെവാഗ്

കോഹ്‌ലിയാണ് ഇതിന് പിന്നില്‍ എന്ന് കരുതുന്നില്ല. അദ്ദേഹം തന്റെ ടീം എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ സംശയമുളവാക്കുന്നു. ചിലപ്പോള്‍ ഞങ്ങളുടെ തോന്നല്‍ മാത്രമായിരിക്കാം, പക്ഷെ ഞങ്ങള്‍ മനുഷ്യരാണ്- ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് ടീമിലുള്‍പ്പെട്ട താരങ്ങളിലൊരാളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ധോണിയുടെ നായകത്വത്തിന് കീഴില്‍ കൊണ്ടുവന്ന റൊട്ടേറ്റിംഗ് സിസ്റ്റം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more