മുംബൈ: ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ക്യാപ്റ്റനെന്ന റെക്കോഡില്‍ മഹേന്ദ്രസിംഗ് ധോണിയുടെ റെക്കോഡിനൊപ്പം വിരാട് കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ 318 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയതോടെ ധോണിയുടെ 27 ടെസ്റ്റ് വിജയമെന്ന റെക്കോഡിനൊപ്പമാണ് കോഹ്ലിയെത്തിയത്.
60 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചാണ് മഹേന്ദ്രസിംഗ് ധോണിയ്ക്ക് കീഴില്‍ ഇന്ത്യ 27 ടെസ്റ്റ് വിജയം സ്വന്തമാക്കിയിത്. ധോണിയ്ക്ക് കീഴില്‍ 18 മത്സരങ്ങളില്‍ ഇന്ത്യ തോറ്റപ്പോള്‍ 15 മത്സരങ്ങള്‍ സമനിലയിലായി.
എന്നാല്‍ വെറും 47 മത്സരങ്ങളില്‍ മാത്രം ഇന്ത്യയെ നയിച്ചാണ് കോഹ്‌ലി 27 വിജയങ്ങള്‍ സ്വന്തമാക്കിയത്. പത്ത് വീതം തോല്‍വിയും സമനിലയുമാണ് കോഹ്‌ലിയ്ക്ക് കീഴില്‍ ഇന്ത്യയുടെ റെക്കോഡ്. 55.31 ആണ് കോഹ്‌ലിയുടെ വിജയശതമാനം.
2014 ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെയാണ് കോഹ്‌ലി നായകസ്ഥാനത്തേക്കെത്തുന്നത്. വിദേശത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ എന്ന ഗാംഗുലിയുടെ റെക്കോഡും കോഹ്‌ലി മറികടന്നു. 28 മത്സരങ്ങളില്‍ 11 വിജയമാണ് ഗാംഗുലിയുടെ പേരിലുള്ളത്. 26 മത്സരങ്ങളില്‍ 12 വിജയമാണ് കോഹ്‌ലിയ്ക്ക് കീഴില്‍ ഇന്ത്യ നേടിയത്.
318 റണ്‍സിനാണ് ഇന്ത്യ ആന്റിഗ്വ ടെസ്റ്റില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ഇതും റെക്കോഡാണ്. വിദേശത്ത് റണ്‍സ് മാര്‍ജിനില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണിത്. റണ്‍സടിസ്ഥാനത്തില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച നാലാമത്തെ വിജയവുമാണിത്.