ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിക്ക് മുന്നറിയിപ്പുമായി മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. ഇടങ്കയ്യന്‍ പേസര്‍മാര്‍ക്കെതിരെ കളിക്കാന്‍ കോഹ്‌ലി കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നാണ് കനേരിയ പറയുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മിച്ചല്‍ സ്റ്റാര്‍ക് ഉള്‍പ്പെടെയുള്ള ഓസ്‌ട്രേലിയന്‍ ഇടങ്കയ്യന്‍ പേസര്‍മാരെ നേരിടേണ്ട സാഹചര്യത്തെ മുന്‍ നിര്‍ത്തിയാണ് കനേരിയ കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വാങ്കഡെയില്‍ നടന്ന ഒന്നാം ഏകദിന മത്സരത്തില്‍ കോഹ്‌ലിയുടെ വിക്കറ്റ് സ്വന്തമാക്കിയത് സ്റ്റാര്‍ക്കായിരുന്നു. മത്സരത്തില്‍ ഒമ്പതു പന്തുകളില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രമേ താരത്തിന് നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ.
ഈ പശ്ചാത്തലത്തിലാണ് കനേരിയയുടെ മുന്നറിയിപ്പ്. ഇടങ്കയ്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ കോഹ്‌ലി ഇതിനുമുമ്പും പതറിയിട്ടുണ്ടെന്നാണ് കനേരിയ പറയുന്നത്.
‘ഇടങ്കയ്യന്‍ പേസര്‍മാര്‍ക്കെതിരെ അത്ര മികച്ച പ്രകടനമല്ല കോഹ്‌ലിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്നില്‍ കണ്ട് മിച്ചല്‍ സ്റ്റാര്‍ക്കിനെപ്പോലുള്ള പേസര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ കളിക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതുണ്ട്. ടി.നടരാജനെപ്പോലുള്ള പേസര്‍മാരെ കോഹ്‌ലിയുടെ നെറ്റ് ബൗളര്‍മാരായി ഉപയോഗപ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് ശ്രദ്ധിക്കണം.
സ്റ്റാര്‍ക് കോഹ്‌ലിയെ കുഴപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കനേരിയയുടെ വാദത്തിനെതിരാണ് കണക്കുകള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്റ്റാര്‍ക്കിനെതിരെ മികച്ച കളിയാണ് കോഹ്‌ലി പുറത്തെടുത്തിട്ടുള്ളത്. വാങ്കഡെയില്‍ നടന്ന മത്സരത്തിലാണ് ഏകദിനത്തില്‍ ആദ്യമായി സ്റ്റാര്‍ക് കോഹ്‌ലിയുടെ വിക്കറ്റ് സ്വന്തമാക്കിയത്.
അതേസമയം ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരത്തില്‍ നേടിയ ത്രസിപ്പിക്കുന്ന വിജയം നല്‍കിയ ഊര്‍ജവുമായാകും ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്.
Content Highlights: Kohli needs to prepare more to play against the left-arm pacers