മുംബൈ: ആധുനിക ക്രിക്കറ്റ് ലോകത്തെ ഏറ്റവും കൊടുമ്പിരിക്കൊണ്ട ചര്‍ച്ചയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണോ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണോ മികച്ച താരമെന്നത്. സച്ചിനും കോഹ്‌ലിയും ഇന്ത്യയ്ക്കായി നേടിയിട്ടുള്ള റണ്‍സുകളുടേ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത്.
ഏറ്റവും അവസാനമായി ഈ ചര്‍ച്ചയില്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും പങ്കുചേര്‍ന്നിരിക്കുകയാണ്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ ടീമിന്റെ മെന്ററും ആദ്യ സീസണിലെ കിരീടം നേടിയ ടീമിന്റെ നായകനുമായ വോണ്‍ ഇന്ത്യന്‍ ടീമിന്റെ ഇന്നത്തെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്നും വിരാടിന്റെ പ്രകടനം അമ്പരപ്പിക്കുന്നുവെന്നും പറഞ്ഞു.
സച്ചിനു നേരെ നിരവധി തവണ പന്തെറിഞ്ഞിട്ടുള്ള ആളാണ് വോണ്‍. ഓസീസ്- ഇന്ത്യ മത്സരങ്ങളെ സച്ചിന്‍- വോണ്‍ പോരാട്ടം എന്നായിരുന്നു അക്കാലത്ത് അറിയപ്പെട്ടിരുന്നത്. വോണിന്റെ നേതൃത്വത്തിലുള്ള ഓസീസ് ബൗളിംഗിന് ഇന്ത്യയുടെ മറുപടി സച്ചിന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് നിരയായിരുന്നു.
സച്ചിന്‍ അന്ന് നേരിട്ടിരുന്ന ക്വാളിറ്റിയുടെ ബൗളര്‍മാരെ വിരാട് ഇന്ന് നേരിടുന്നില്ല എന്നതാണ് സച്ചിന്‍- കോഹ്‌ലി താരതമ്യങ്ങളില്‍ പൊതുവേ ഉയര്‍ന്നു വരാറുള്ള വാദം. എന്നാല്‍ സച്ചിനെ നേരിട്ടിട്ടുള്ള വോണ്‍ പറയുന്നു കോഹ്‌ലി തന്നെയാണ് മികച്ച താരമെന്ന്. കാരണമായി വോണ്‍ കൃത്യമായ നിരീക്ഷണവും മുന്നോട്ടുവെക്കുന്നുണ്ട്.
“സ്‌കോറുകളെ പിന്തുടരുന്നതില്‍ കോഹ്‌ലി തന്നെയാണ് മികച്ച ബാറ്റ്‌സ്മാന്‍. നിര്‍ണായക സാഹചര്യങ്ങളില്‍ കോഹ്‌ലിയുടെ പ്രകടനം അസാമാന്യമാണ്.”
കൂറ്റന്‍ സ്‌കോറുകള്‍ പിന്തുടരുമ്പോള്‍ എത്രതവണയാണ് കോഹ്‌ലി സെഞ്ച്വറി നേടിയത്. വിരാടിന് സാധിച്ചത് സച്ചിനുപോലും കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരായിരുന്നു സച്ചിനും ലാറയും എന്നത് അംഗീകരിക്കുന്നുവെന്നും വോണ്‍ പറയുന്നു.
എന്നാല്‍ വിരാടിനെയും എബി ഡിവില്ലിയേഴ്‌സിനേയും വേര്‍തിരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.
” അസാമാന്യനായ താരമാണ് വിരാട്. അയാളെപ്പോലേ ഒരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഊര്‍ജ്ജവും കളിയോടുള്ള സമീപനവും എനിയ്ക്ക് ഇഷ്ടമാണ്.”
നായകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ടുനയിക്കാനും സ്വന്തം പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും വോണ്‍ പറഞ്ഞു.
WATCH THIS VIDEO: