| Sunday, 23rd October 2022, 10:19 pm

ഒരേ ഒരു രാജാവ്, ആ നേട്ടത്തില്‍ രോഹിത്തും ഇനി കിങ്ങിന് പിറകില്‍, ഇനി ലക്ഷ്യം ഗെയ്ല്‍; മുമ്പിലുള്ള ലക്ഷ്യം ചെറുതല്ല; ഇതിഹാസമാവാനൊരുങ്ങി കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – പാകിസ്ഥാന്‍ ടി-20 മത്സരത്തില്‍ ത്രില്ലിങ് വിജയത്തിന് പിന്നാലെ അപൂര്‍വമായ ഒരു റെക്കോഡും തന്റെ പേരിലാക്കിയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കുതിക്കുന്നത്.

ടി-20യില്‍ ഓസീസ് മണ്ണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഓസീസ് താരമല്ലാത്ത ബാറ്റര്‍ എന്ന റെക്കോഡ് ഇതിനോടകം തന്റെ പേരിലാക്കിയ വിരാട് ആ റെക്കോഡ് ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. പല ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരും വിരാടിന് പിന്നിലാണ് എന്നത് മറ്റൊരു സത്യം.

എന്നാല്‍ ഒക്ടോബര്‍ 23ന് നടന്ന മത്സരത്തില്‍ വെടിക്കെട്ട് ഇന്നിസിന് പിന്നാലെ ഇതിനേക്കാള്‍ വലിയ റെക്കോഡുകളാണ് വിരാട് തകര്‍ത്തിരിക്കുന്നത്. ടി-20 ലോകകപ്പുകളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്.

പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് രോഹിത് ശര്‍മയുടെ പേരിലായിരുന്നു ആ റെക്കോഡ് ഉണ്ടായിരുന്നത്. എന്നാല്‍ ആ റെക്കോഡ് ബുക്കില്‍ രോഹിത്തിന്റെ പേര് വെട്ടി സ്വന്തം പേരെഴുതിച്ചേര്‍ത്തിരിക്കുകയാണ് വിരാട്.

ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ബാറ്റര്‍മാരുടെ പട്ടികയില്‍ ഇതോടെ മൂന്നാം സ്ഥാനത്തെത്താനും വിരാടിനായി. ഈ മത്സരത്തിന് മുമ്പ് ആറാം സ്ഥാനത്തുണ്ടായിരുന്ന വിരാട് ഒറ്റയടിക്ക് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും ശ്രീലങ്കന്‍ ബാറ്റിങ് ഇതിഹാസം തിലകരത്‌നെ ദില്‍ഷനെയുമാണ് വിരാട് ഒറ്റയടിക്ക് മറികടന്നിരിക്കുന്നത്. ഇന്നത്തെ മത്സരത്തിന് മുമ്പ് 845 റണ്‍സായിരുന്നു വിരാടിന്റെ പേരില്‍ ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ 927 റണ്‍സാണ് കോഹ്‌ലിയുടെ പേരിലുള്ളത്.

നാലാം സ്ഥാനത്തുള്ള ദില്‍ഷന് 897 റണ്‍സും അഞ്ചാമതുള്ള രോഹിത്തിന് 851 റണ്‍സുമാണുള്ളത്.

രണ്ട് ഇതിഹാസ താരങ്ങളെയാണ് വിരാടിന് ഇനി മറികടക്കാനുള്ളത്. കരീബിയന്‍ സൂപ്പര്‍ താരം ക്രിസ് ഗെയ് ലും ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയുമാണ് താരത്തിന് മുമ്പില്‍ ഉള്ളത്.

രണ്ടാമതുള്ള ഗെയ്‌ലും വിരാടും തമ്മില്‍ കേവലം 38 റണ്‍സിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഗെയ്ല്‍ 965 ഉം ജയവര്‍ധനെ 1016 റണ്‍സുമാണ് ടി-20 ലോകകപ്പില്‍ നിന്നും നേടിയിട്ടുള്ളത്.

എന്നാല്‍ ഇതിനേക്കാളേറെ അത്ഭുതപ്പെടുത്തുന്നത് വിരാടിന്റെ ആവറേജാണ്. കേവലം 22 മത്സരം കളിച്ചാണ് താരം ഇത്രയും റണ്‍സ് സ്വന്തമാക്കിയിട്ടുള്ളത്. അതായത് 84.27 ശരാശരിയില്‍ താരം റണ്‍സ് അടിച്ചുകൂട്ടിയിട്ടുള്ളത്.

ഒന്നാമതുള്ള ജയവര്‍ധനെക്ക് 39.07ഉം രണ്ടാമതുള്ള ഗെയ്‌ലിന് 34.46 ആണ് ആവറേജുള്ളത്. ഇക്കാര്യത്തില്‍ ഇവര്‍ വിരാടിനേക്കാള്‍ എത്രയോ പുറകിലാണ്.

ആവറേജിന്റെ കാര്യത്തില്‍ വിരാടിന്റെ ഡോമിനന്‍സ് വ്യക്തമാകാന്‍ മറ്റൊരു കണക്കുകൂടി നോക്കാം.

പട്ടികയിലെ ആദ്യ 50 സ്ഥാനങ്ങളില്‍ വിരാടിന് പുറമെ ഒരാള്‍ക്ക് മാത്രമാണ് 50+ ആവറേജ് ഉള്ളത്. അയാളാവട്ടെ പട്ടികയുടെ 32ാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മൈക്ക് ഹസിയാണ് 50+ ആവറേജുള്ള ആദ്യ 50ലെ മറ്റൊരു താരം. 54.62 ആണ് ഹസിയുടെ ആവറേജ്, അതായത് ഒന്നാമതുള്ള വിരാടിനേക്കാള്‍ 30ന്റെ കുറവ്.

ആവറേജില്‍ മാത്രമല്ല, ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയിലും വിരാട് ഒന്നാം സ്ഥാനത്തെത്താന്‍ അധികം താമസമില്ല. താരം ഇതേ ഫോമില്‍ തന്നെയാണ് കളിക്കുന്നതെങ്കില്‍ ഗ്രൂപ്പ് ഘട്ടം കഴിയുന്നതിന് മുമ്പ് തന്നെ ആ പട്ടികയുടെ ടോപ്പര്‍ വിരാട് തന്നെയായിരിക്കും.

Content highlight: Kohli has made progress among batsmen with the most lists in the T20 World Cup

We use cookies to give you the best possible experience. Learn more