| Sunday, 17th July 2022, 7:40 pm

ഇന്ത്യന്‍ ടീമിന്റെ നായകന്‍ രോഹിത്താണെങ്കിലും സിറാജിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടി ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 1-1 എന്ന നിലയില്‍ നില്‍ക്കുന്ന പരമ്പരയില്‍ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര നേടാന്‍ സാധിക്കും.

ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം തന്നെ പ്രഹരമേറ്റിരുന്നു. ആദ്യ ഓവറില്‍ മുഹമ്മദ് ഷമിക്കെതിരെ മൂന്ന് ബൗണ്ടറി നേടിയാണ് ഇംഗ്ലണ്ട് മത്സരം ആരംഭിച്ചത്. രണ്ടാം ഓവര്‍ ബൗളിങ്ങിനെത്തിയത് മുഹമ്മദ് സിറാജായിരുന്നു. സൂപ്പര്‍താരം ജസ്പ്രിത് ബുംറക്ക് പകരമായിരുന്നു സിറാജ് ടീമിലെത്തിയത്.

ആദ്യ ഓവറില്‍ തന്നെ ഇരട്ട പ്രഹരം നല്‍കിയാണ് സിറാജ് മത്സരം ആരംഭിച്ചത്. സിറാജ് തന്റെ ഓവര്‍ ആരംഭിക്കുന്നതിന് മുമ്പ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി താരത്തെ ഉപദേശിക്കുന്നുണ്ടായിരുന്നു. മൂന്നാം പന്തില്‍ തന്നെ വെടിക്കെട്ട് ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോ അയ്യരിന് ക്യാച്ച് നല്‍കി മടങ്ങി.

പിന്നീടെത്തിയത് ഇംഗ്ലണ്ട് നിരയിലെ ഏറ്റവും മികച്ച ബാറ്ററായ ജോ റൂട്ടായിരുന്നു. അപ്പോഴും വിരാട് താരത്തെ ഉപദേശിച്ചു. മൂന്നാം പന്തില്‍ റൂട്ടും പുറത്ത്. സ്ലിപ്പില്‍ രോഹിത്തിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. രണ്ട് വിക്കറ്റ് നേടികൊണ്ട് മെയ്ഡന്‍ ഓവര്‍.

എന്നാല്‍ തന്റെ വിക്കറ്റിന്റെ ക്രെഡിറ്റ് അദ്ദേഹം വിരാടിനാണ് കൊടുത്തത്. വിക്കറ്റ് നേടിയതിന് ശേഷം രണ്ട് പേരും കണ്ണിലേക്ക് കൈചൂണ്ടികൊണ്ട് ആഘോഷിക്കുന്നത് കാണാം.

സിറാജിനെ ഇന്ത്യന്‍ ടീമിലേക്ക് കൈപിടിച്ച് കയറ്റിയത് വിരാടായിരുന്നു. ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമാണ് സിറാജ്. വിരാട് നായകനായിരുന്ന സമയത്തായിരുന്നു താരം ആര്‍.സി.ബിയില്‍ സ്ഥിരാംഗമായത്. പിന്നീട് താരത്തെ ഇന്ത്യന്‍ ടെസ്റ്റില്‍ ടീമില്‍ എത്തിച്ചതും വിരാട് തന്നെയായിരുന്നു.

വിരാടിന്റെ കീഴില്‍ മികച്ച പ്രകടനമാണ് താരം നടത്താറുള്ളത്. ഇരുവരും തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ മികവ് തെളിയിക്കുന്നതാണ് ആ രണ്ട് വിക്കറ്റുകളും.

Content Highlights: Kohli Gave tips to Siraj before he got two wickets in an over

Latest Stories

We use cookies to give you the best possible experience. Learn more