| Monday, 23rd May 2016, 12:24 pm

റണ്‍മെഷീനെ മറ്റൊരു പേരുവിളിച്ച് പരിശീലകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലവില്‍ ലോകത്തെ മികച്ച ക്രിക്കറ്റ് താരമാരെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ എല്ലാവരും സംശയമേതുമില്ലാതെ പറയുന്ന ഒരു പേരേ ഉണ്ടാകൂ, വിരാട് കോഹ്‌ലി. ഇന്ത്യന്‍ ടെസ്റ്റ് നായകന്റെ ഈ വര്‍ഷത്തെ മാസ്മരിക പ്രകടനം തന്നെ അതിനുകാരണം. സ്ഥിരതയാര്‍ന്ന പ്രകടനത്തില്‍ ക്രിക്കറ്റില്‍ കോഹ്‌ലിയോട് കിടപിടിക്കുന്ന ക്രിക്കറ്റര്‍മാര്‍ നിലവില്‍ ഇല്ലെന്ന് തന്നെ പറയാം.

ഐ.പി.എല്ലില്‍ കോഹ്‌ലി സംഹാരതാണ്ഡവത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് പഴങ്കഥയായത്. മൂന്ന് സെഞ്ച്വറികളും കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും ഇക്കുറി പിറന്നു. ഞായറാഴ്ച്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ലോകത്തെ മികച്ച ബാറ്റ്‌സ്മാന്‍ എന്ന വിശേഷണം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു താരം. നിര്‍ണായകസമയത്ത് നായകന്റെ കളി പുറത്തെടുത്ത കോഹ്‌ലിയുടെ മികവിലാണ് ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നോക്കൗണ്ട് റൗണ്ടിലേക്ക് മുന്നേറിയത്.

എന്നാല്‍ കോഹ്‌ലിക്ക് മറ്റൊരു വിശേഷണം നല്‍കുകയാണ് ബാംഗ്ലൂര്‍ ടീമിന്റെ ബാറ്റിങ്ങ് പരിശീലകന്‍ ട്രെന്റ് വുഡ്ഹില്‍. “ലോകത്തെ കായികതാരങ്ങളില്‍ ഏറ്റവും മികച്ചവന്‍”. കോഹ്‌ലിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ട്രെന്റ് വുഡിന്റെ ഈ പരാമര്‍ശം.

ഡല്‍ഹിക്കെതിരായ പ്രകടനത്തോടെ മറ്റൊരു റെക്കോര്‍ഡും കോഹ്‌ലി തന്റെ പേരിനൊപ്പം ചേര്‍ത്തു. ട്വന്റി 20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തവണ അര്‍ധസെഞ്ച്വറയോ അതില്‍ കൂടുതലോ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ്. 2012ല്‍ 16 തവണ 50ല്‍ കൂടുതല്‍ റണ്‍സെടുത്ത ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.

ഒരു ട്വന്റി 20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ 50ല്‍ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡും ഇന്നലെ കോഹ്‌ലിക്കൊപ്പം വന്നു ചേര്‍ന്നു. 2014ലെ നാറ്റ് വെസ്റ്റ് ട്വന്റി 20 ടൂര്‍ണമെന്റില്‍ 9 തവണ 50ല്‍ കൂടുതല്‍ റണ്‍സെടുത്ത ഇംഗ്ലണ്ട് താരം ജേസണ്‍ റോയുടെ റെക്കോര്‍ഡാണ് തിരുത്തപ്പെട്ടത്.

We use cookies to give you the best possible experience. Learn more