റാഞ്ചി: ഷോണ്‍ മാര്‍ഷിന്റേയും ഹാന്‍സ്‌കോമ്പിന്റേയും ചെറുത്തു നില്‍പ്പാണ് ഇന്ത്യന്‍ ടീമിന്റെ പക്കല്‍ നിന്നും വിജയം തട്ടിയകറ്റിയത്. സമനില കൊണ്ട് തൃപ്തിപ്പെടാനാണ് ഇന്ത്യയുടെ വിധി.
എന്നാല്‍ മത്സരത്തിനുപയോഗിച്ച പന്തിന്റെ ഹാര്‍ഡ്‌നെസ് നഷ്ടമായിരുന്നില്ലെങ്കില്‍ ഫലം വേറെ ആയിരുന്നേനെ എന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അഭിപ്രായപ്പെടുന്നത്. മത്സരശേഷം മാധ്യമപ്രവര്‍ത്തകരോടായാണ് വിരാട് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
” പന്ത് പുതിയതായിരുന്നപ്പോള്‍ നന്നായി സ്പിന്‍ ചെയ്തിരുന്നു. രാവിലേയും നന്നായി സ്പിന്‍ ചെയ്തിരുന്നു. എന്നാല്‍ ഉച്ചയായതോടെ പന്തിന്റെ ഹാര്‍ഡ്‌നെസ് നഷ്ടമായി. പിന്നീട് വിക്കറ്റില്‍ വേഗത കൈവരിക്കാനോ സ്പിന്‍ എറിയാനോ സാധിച്ചില്ല. ” കോഹ്‌ലി പറയുന്നു.
ഇന്നിംഗ്‌സ് അവസാനത്തോട് അടുക്കവെ വിരാട് പുതിയ പന്തെടുക്കുകയായിരുന്നു. പിന്നീടാണ് ജഡേജ മാര്‍ഷിന്റെ വിക്കറ്റെടുക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിരാടിന്റെ പ്രതികരണം.
എന്നാല്‍ വിരാടിന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും തള്ളിക്കളയാകുന്നതായിരുന്നു ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം. ” ഞാനൊരിക്കലും അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല. നമുക്ക് രണ്ട് പേര്‍ക്കും ലഭിച്ചത് ഒരേ പന്തായിരുന്നു. നിങ്ങളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് നിങ്ങള്‍ ചെയ്തു.”
ഇതോടെ ബംഗളൂരുവില്‍ ആരംഭിച്ച വിരാട്-സ്മിത്ത് സ്പര്‍ദ്ധ റാഞ്ചിയിലും അവസാനിക്കാതെ നീളുകയാണ്.