Advertisement
Football
'മെസിയാണ് അവനെ ഇന്നുകാണുന്ന നിലയിലെത്തിച്ചത്'; പ്രശംസിച്ച് കൂമാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 27, 03:23 pm
Wednesday, 27th September 2023, 8:53 pm

ബാഴ്സലോണ എഫ്.സിയില്‍ ഇടക്കാലത്ത് പരിശീലിപ്പിച്ചയാളാണ് റൊണാള്‍ഡോ കൂമാന്‍. ബാഴ്സലോണയുടെ തുടര്‍ തോല്‍വിക്ക് പിന്നാലെ അദ്ദേഹം പരിശീലക സ്ഥാനത്ത് നിന്ന് പുറത്താവുകയായിരുന്നു. ലയണല്‍ മെസി ബാഴ്സ വിട്ടതാണ് കൂമാന് തിരിച്ചടിയായതെന്നും തുടര്‍ന്നാണ് അദ്ദേഹത്തിന് ക്ലബ് വിടേണ്ടി വന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാല്‍ മെസിയെ കുറിച്ചും എഫ്.സി ബാഴ്സലോണയുടെ സൂപ്പര്‍താരമായ പെഡ്രിയെ കുറിച്ചും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് കൂമാന്‍. പെഡ്രിയുടെ കഴിവുകള്‍ പെട്ടെന്ന് കണ്ടെത്തുകയും കരിയറിലെ പെഡ്രിയുടെ വളര്‍ച്ചക്ക് പിന്നില്‍ മെസിയാണെന്നും കൂമാന്‍ പറഞ്ഞു.

‘മെസി വളരെ വിനയാന്വിതനായ താരമായിരുന്നു. അവന്‍ പെഡ്രിയുടെ കഴിവുകള്‍ പെട്ടെന്ന് തന്നെ തരിച്ചറിയുകയും മത്സരങ്ങളില്‍ മുന്നേറാന്‍ അവനെ സഹായിക്കുകയും ചെയ്തിരുന്നു. മെസിയാണ് പെഡ്രിയുടെ കഴിവുകള്‍ തുടക്കത്തിലേ കണ്ടെത്തി താരത്തെ ഈ നിലയില്‍ എത്തിച്ചത്,’ കൂമാന്‍ പറഞ്ഞു.

ബാഴ്സലോണയുടെ നിലവിലെ മുന്നേറ്റത്തെ കുറിച്ചും പരിശീലകന്‍ സാവി ഹെര്‍ണാണ്ടസിനെയും കുറിച്ചും അദ്ദേഹം പ്രശംസിച്ച് സംസാരിച്ചു.

സ്പാനിഷ് ലീഗില്‍ റയല്‍ വയ്യക്കാനയോട് തോറ്റതിന് പിന്നാലെയാണ് ക്ലബ്ബ് കൂമാനെ പുറത്താക്കിയത്. മെസി ബാഴ്സ വിട്ടതിന് ശേഷം ക്ലബ്ബിന്റെ പ്രകടനം താഴേക്ക് പോവുകയായിരുന്നു. അതേസമയം മെസി ബാഴ്സ വിടാന്‍ കൂമാനും കാരണമായിരുന്നെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

നിരവധി റെക്കോര്‍ഡുകളാണ് മെസി ബാഴ്സക്ക് വേണ്ടി നേടിയിരുന്നത്. മെസിയുടെ വിടവാങ്ങലിന് ശേഷം തങ്ങളുടെ പ്രതാപകാലം തിരിച്ചുപിടിക്കാന്‍ ബാഴ്സ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് മുന്നേറാന്‍ ക്ലബ്ബിന് സാധിച്ചിരുന്നില്ല.

അതേസമയം, തന്റെ മുന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം അതീവ സന്തോഷവാനായാണ് മെസിയെ കാണപ്പെടുന്നത്. താരം മയാമിയിലെത്തിയതിന് ശേഷം ക്ലബ്ബിന് ലീഗ്‌സ് കപ്പ് നേടാന്‍ സാധിച്ചിരുന്നു. മെസി മയാമിക്കായി കളിച്ച 11 മത്സരങ്ങളിലും ജയം മയാമിക്കൊപ്പമായിരുന്നു.

Content Highlights: Koeman talking about Messi and Pedri