Kerala News
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ആദിബാബയും സംഘവും കോഴിയെ വെട്ടി; സംഘര്‍ഷം; ഒരു പൊലീസുകാരന് മുറിവേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 18, 04:09 am
Thursday, 18th March 2021, 9:39 am

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ കോഴിക്കല്ലില്‍ വീണ്ടും കോഴിയെ വെട്ടി. നിയമം മൂലമുള്ള നിരോധനം മറിമകടന്നുകൊണ്ടാണ് കോഴിയെ വെട്ടിയത്.

മലപ്പുറം ആദിമാര്‍ഗി മഹാ ചണ്ഡാളബാബ മലവാരിയും സംഘവുമാണ് കോഴിയെ വെട്ടിയത്. ആചാര സംരക്ഷണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരില്‍ കോഴിവെട്ടുമെന്ന് മലവാരി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു.

എല്ലായിടത്തും ആചാരം തിരിച്ചുവരുമ്പോള്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ മാത്രം എന്തുകൊണ്ട് ആചാരം തിരിച്ചുകൊണ്ടുവന്നുകൂടാ എന്നായിരുന്നു മലവാരി ഫേസ്ബുക്ക് ലൈവിലൂടെ ചോദിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഘാംഗങ്ങള്‍ കോഴിവെട്ടിനായി എത്തുന്നത്. ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ് സംഭവം. ഉച്ചയോടെ സംഘാംഗങ്ങള്‍ കോഴിയുമായി ക്ഷേത്രത്തിന്റെ പാര്‍ക്കിംഗ് മുതല്‍ ക്ഷേത്ര നടവരെ ശ്ലോകങ്ങള്‍ ചൊല്ലിയും ജയ്കാളി വിളിച്ച് കൊണ്ടും എത്തുകയായിരുന്നു. ക്ഷേത്രത്തില്‍ എത്തിയതോടെ ഇവരെ പൊലീസ് അനുഗമിക്കുകയും ചെയ്തു.

കോഴിയെ വെട്ടാനൊരുങ്ങുമ്പോള്‍ പൊലീസ് ഇവരെ തടയാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് കയ്യില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കോഴിയെ വെട്ടിയതിന് ശേഷം ഇവര്‍ പൊലീസിന് കീഴടങ്ങി. ആചാരത്തിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാണ് എന്ന് പറഞ്ഞുകൊണ്ടാണ് കീഴടങ്ങിയത്.

ചൊവ്വാഴ്ച കോഴിക്കല്ലില്‍ കോഴിയെ വെട്ടിയതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് പൊലീസ് കാവല്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം വീണ്ടും കോഴിവെട്ടിനായി സംഘമെത്തിയത്. ചൊവ്വാഴ്ച കോഴിയെ വെട്ടിയ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

1968ലെ ജന്തു-പക്ഷി ബലി നിരോധന നിയമപ്രകാരമാണ് 1977 ല്‍ കൊടുങ്ങല്ലൂരില്‍ കോഴിബലി അവസാനിപ്പിച്ചത്. കോഴിയെ കോഴിക്കല്ലില്‍ സമര്‍പ്പിക്കുന്നതാണ് ഇപ്പോഴത്തെ ചടങ്ങ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kodungallur Temple Kozhi Bali si attacked