തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് മസ്ജിദുല്‍ ബിലാല്‍ പളളിയില്‍ പ്രാര്‍ത്ഥന നടത്തിയ അഫ്‌സല്‍, ഷംസുദീന്‍, മുഹമ്മദാലി, അലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു.
പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ആളുകള്‍ ആരാധനാലയങ്ങളില്‍ ഒത്തുകൂടരുതെന്ന് നേരത്തെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജില്ലയില്‍ പ്രാര്‍ത്ഥനക്ക് ആളുകള്‍ ഒത്ത് കൂടുന്നത് പതിവാകുകയാണ്. തൃശൂര്‍ കുന്നംകുളത്ത് ആയമുക്ക് ജുമാ മസ്ജിദില്‍ വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ 13 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
നേരത്തേ ചാവക്കാട് മസ്ജിദിലും സമാനപ്രശ്‌നം ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ചാവക്കാട് പ്രാര്‍ത്ഥനക്ക് എത്തിയവരെ അറസ്റ്റ് ചെയ്തത്. മണ്ണുരുത്തിയിലെ ക്രിസ്ത്യന്‍ ദേവാലയത്തിലും അടുത്തിടെ ആളുകള്‍ ഒത്തുകൂടിയിരുന്നു.
വ്യാഴാഴ്ച തൃശ്ശൂര്‍ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച് ഭാഗവത പാരായണം നടത്തിയതിന് ബി.ജെ.പി സംസ്ഥാന സമിതി അംഗം അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്രത്തിലെ പൂജാരിക്കെതിരെയും കേസെടുത്തിരുന്നു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 50 ലേറെ ആളുകളാണ് ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ക്ഷേത്രത്തില്‍ ഒത്തുകൂടിയത്. വിവരമറിഞ്ഞ് എരുമപ്പെട്ടി സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയതോടെ വിശ്വാസികള്‍ ചിതറിയോടുകയായിരുന്നു. ക്ഷേത്രത്തിലേക്ക് വന്നു കൊണ്ടിരുന്നവരെ പൊലീസ് തിരിച്ചയക്കുകയും ചെയ്തു.
പ്രദേശത്തെ മറ്റ് ചില ക്ഷേത്രങ്ങളിലും വിലക്ക് ലംഘിച്ച് ആളുകള്‍ ഒത്തുകൂടുന്നത് ജില്ല ഭരണകൂടത്തിന് തലവേദനയായിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.