|

ഇ.ഡി ചമഞ്ഞ് കര്‍ണാടകയിലെ വ്യവസായിയില്‍ നിന്ന് പണം തട്ടിയ കേസ്; കൊടുങ്ങല്ലൂര്‍ എ.എസ്.ഐക്ക് സസ്പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെന്ന വ്യാജേന കര്‍ണാടകയിലെ വ്യവസായിയില്‍ നിന്ന് പണം തട്ടിയ കേസിലെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐക്ക് സസ്പെന്‍ഷന്‍. ഗ്രേഡ് എ.എസ്.ഐ ഷഫീര്‍ ബാബു (50)വാണ് സസ്പെന്‍ഷന്‍ നേരിട്ടത്.

45 ലക്ഷം രൂപയും അഞ്ച് മൊബൈല്‍ ഫോണുകളുമാണ് വ്യവസായിയില്‍ നിന്ന് ഷഫീര്‍ തട്ടിയെടുത്തത്. പിന്നാലെ കര്‍ണാടക പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഷഫീറിനെ സസ്പെന്‍ഡ് ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഷഫീറിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

ദക്ഷിണ കര്‍ണാടകയിലെ ബീഡി വ്യവസായിയില്‍ നിന്നാണ് പണം തട്ടിയത്. ജനുവരി മൂന്നിന് ഇ.ഡി ചമഞ്ഞ് ആറംഗ സംഘം വ്യവസായിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. വാറണ്ട് ഉണ്ടെന്ന് പറഞ്ഞ് സംഘം വീട് പരിശോധിക്കുകയാണ് ചെയ്തത്.

തുടര്‍ന്ന് സംശയം തോന്നിയ വ്യവസായി പൊലീസില്‍ പരാതി നല്‍കി. പിന്നാലെ മാപ്രാണം മാടായിക്കോണം സ്വദേശിയായ എ.എസ്.ഐയെ ഇരിങ്ങാലക്കുടയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിട്ട്‌ല പൊലീസാണ് എ.എസ്.ഐയെ അറസ്റ്റ് ചെയ്തത്.

വ്യവസായിയില്‍ നിന്ന് തട്ടിയെടുത്ത പണം എവിടെയാണെന്നതില്‍ വ്യക്തതയില്ല. കൊല്ലം സ്വദേശികളായ അനില്‍ ഫെര്‍ണാണ്ടസ്, സജിന്‍, ഷബീന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍. ഇവരെ കഴിഞ്ഞ മാസം കൊല്ലത്ത് നിന്നാണ് പിടികൂടിയത്.

ബോളന്തൂരിലെ വ്യവസായി സുലൈമാന്റെ വീട്ടില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള രണ്ട് കാറുകളിലായാണ് പ്രതികള്‍ സുലൈമാന്റെ വീട്ടിലെത്തിയത്.

മംഗളൂരു പൊലീസിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം.

Content Highlight: Kodungallur ASI suspended in money fruad