എന്തധികാരത്തിലാണ് ടിക്കാറാം മീണ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ നടപടിയെടുത്തത്? രൂക്ഷവിമര്‍ശനവുമായി കോടിയേരി
D' Election 2019
എന്തധികാരത്തിലാണ് ടിക്കാറാം മീണ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ നടപടിയെടുത്തത്? രൂക്ഷവിമര്‍ശനവുമായി കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2019, 1:32 pm

 

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്‍. കാസര്‍കോട് കള്ളവോട്ട് നടന്നുവെന്നത് യു.ഡി.എഫിന്റെ പ്രചരണ തന്ത്രമാണ്. ടിക്കാറാം മീണ അതിന്റെ ഭാഗമായെന്നാണ് കോടിയേരിയുടെ ആരോപണം.

സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ട് മൂന്നുപേരെ കുറ്റക്കാരായി വിധിയെഴുതുകയാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ചെയ്തത്. അത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ടുന്ന നടപടിക്രമങ്ങളൊന്നും അദ്ദേഹം പാലിച്ചതായി കാണുന്നില്ല. മാത്രമല്ല, അദ്ദേഹം വിധി പറഞ്ഞുകൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഒരു പഞ്ചായത്ത് മെമ്പര്‍ കുറ്റം ചെയ്തുവെന്നാണ്. എന്തടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും കോടിയേരി ചോദിച്ചു.

അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അവര്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തുനിന്നും മാറി നില്‍ക്കണമെന്നാണ് ടിക്കാറാം മീണ ആവശ്യപ്പെടുന്നത്. ആരോപിക്കുന്ന കാര്യം ശരിയല്ലയെന്നു തെളിഞ്ഞാല്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം തിരിച്ചുകൊടുക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കു സാധിക്കുമോയെന്നും കോടിയേരി ചോദിച്ചു.

അത്തരം അധികാരം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കില്ല. അതിനുള്ള അധികാരം സംസ്ഥാന ഇലക്ഷന്‍ കമ്മീഷനാണ്. തദ്ദേശ ഭരണ സ്ഥാപനത്തിലെ അംഗത്തിന്റെ മെമ്പര്‍ സ്ഥാനം റദ്ദാക്കാന്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷനേ അധികാരമുള്ളൂവെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാന ഇലക്ഷന്‍ കമ്മീഷനായി പ്രവര്‍ത്തിക്കുന്ന ഓഫീസറുടെ തലയ്ക്കു മുകളില്‍ കയറി നില്‍ക്കുന്ന സമീപനമാണ് ടിക്കാറാം മീണ സ്വീകരിച്ചിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

മാധ്യമ വിചാരണയ്ക്ക് അനുസരിച്ചാണ് ടിക്കാറാം മീണ നടപടിയെടുത്തത്. നിഷ്പക്ഷനായി തീരുമാനമെടുക്കേണ്ടയാളാണ് അദ്ദേഹമെന്നും കോടിയേരി പറഞ്ഞു.