കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ ഗണേഷ്‌കുമാറിന്റേത് ഇടതുമുന്നണിയുടെ അഭിപ്രായമല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ ഇരയ്ക്കൊപ്പം തന്നെയാണെന്നും കോടിയേരി പറഞ്ഞു.
നേരത്തെ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ചലച്ചിത്രതാരവും എം.എല്‍.എയുമായ ഗണേഷ്‌കുമാര്‍ ദിലിപിനെ അനുകൂലിച്ച് രംഗത്തെത്തിയത്. എം.എല്‍.എയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കോടിയേരി നയം വ്യക്തമാക്കിയത്.
“ഗണേഷ് കുമാര്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എല്‍.എ മാത്രമാണ്. അദ്ദേഹത്തിന് സ്വന്തം അഭിപ്രായവുമുണ്ടാകാം. അതൊന്നും ഇടതുമുന്നണിയുടെ അഭിപ്രായമല്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. യു.ഡി.എഫ് സര്‍ക്കാരായിരുന്നു ഭരണത്തിലെങ്കില്‍ ഇതൊന്നും ഉണ്ടാകുമായിരുന്നില്ല.” കോടിയേരി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഭീഷണിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും അത്തരം നടപടികള്‍ക്ക് പിന്നില്‍ ആരാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രം ദര്‍ശനം സംബന്ധിച്ച വിഷയം മാധ്യമ വാര്‍ത്തകളില്‍ നിന്നുമാത്രമാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്നും അതിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞ കോടിയേരി, വിഷയത്തില്‍ കടകംപള്ളിയോട് വിശദീകരണം ആരായുമെന്നും കൂട്ടിച്ചേര്‍ത്തു.