പിണറായിലൂടെ നടക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് അമിത് ഷാ ജാഥയില്‍ നിന്നു പിന്‍മാറിയതെന്ന് കോടിയേരി
Kerala
പിണറായിലൂടെ നടക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് അമിത് ഷാ ജാഥയില്‍ നിന്നു പിന്‍മാറിയതെന്ന് കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th October 2017, 1:45 pm

തിരുവനന്തപുരം: പിണറായിയിലൂടെ നടക്കാന്‍ ധൈര്യമില്ലാത്തതിനാലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജനരക്ഷായാത്രയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ നടക്കാനുള്ള ധൈര്യം ഇല്ലാത്തതിനാലാണ് അമിത് ഷാ പിന്മാറിയതെന്നായിരുന്നു കോടിയേരിയുടെ പരിഹാസം.

കുമ്മനം രാജശേഖരനെ സിംഹമെന്ന് വിശേഷിപ്പിച്ച അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊട്ടിഘോഷിച്ച് നടത്തിയ ജനരക്ഷായാത്ര ശുഷ്‌കയാത്രയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ജനരക്ഷാ യാത്ര കഴിഞ്ഞ് മടങ്ങിയ ബി.ജെ.പിക്കാര്‍ ബൈക്ക് യാത്രക്കാരെ നഗ്നരാക്കി മര്‍ദ്ദിച്ചു; പൊലീസിന് നേരെയും അക്രമം


ജനരക്ഷാ യാത്രയുടെ മൂന്നാം ദിനമായ ഇന്ന് മമ്പുറം മുതല്‍ തലശ്ശേരി വരെയുള്ള പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുയോഗത്തിലും അമിത് ഷാ സംബന്ധിക്കുമെന്ന് നേരത്തെ ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.

എന്നാല്‍ പിണറായിയിലെ പദയാത്രയില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തില്ലെന്ന് കുമ്മനം അറിയിക്കുകയായിരുന്നു. വൈകീട്ട് നടക്കുന്ന പരിപാടിയുടെ സമാപന ചടങ്ങിലും അമിത് ഷാ പങ്കെടുക്കില്ല. ദല്‍ഹിയില്‍ ഒഴിവാക്കാനാവാത്ത ചില തിരക്കുകള്‍ കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ അമിത് ഷായ്ക്ക് എത്താന്‍ കഴിയില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.


Also Read: കടകള്‍ അടച്ചിട്ടു; ആര്‍.എസ്.എസ് കൊന്നവരുടെ ചിത്രങ്ങള്‍ വഴിനീളെ: മുഖ്യമന്ത്രിയുടെ നാട്ടില്‍ ജനരക്ഷാ യാത്രയ്ക്ക് ലഭിച്ചത് തിരിച്ചടി


ആവേശം അലതല്ലാതെയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത ജനരക്ഷായാത്ര ആദ്യദിനം കടന്നുപോയത്. പയ്യന്നൂര്‍ ബസ് സ്റ്റാന്റില്‍ നടന്ന പരിപാടിയിലും ആദ്യദിന പദയാത്രയിലും 25,000 ലേറെ പേര്‍ പങ്കെടുക്കുമെന്ന സംഘാടകരുടെ വാദം പൊളിയുന്ന കാഴ്ചയായിരുന്നു യഥാര്‍ത്ഥത്തില്‍ കണ്ടത്.

സംഘാടകര്‍ പറഞ്ഞതിന്റെ പകുതിപേര്‍ പോലും യാത്രയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നില്ല. കണ്ണൂരില്‍ നിന്നും പാര്‍ട്ടി പ്രതീക്ഷിച്ചയത്ര ആളുകള്‍ എത്തിയിരുന്നില്ല. മാത്രമല്ല ആദ്യദിനം പദയാത്രയില്‍ പങ്കെടുത്തവരില്‍ അധികവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരായിരുന്നു.