| Friday, 28th August 2020, 9:46 am

'യു.ഡി.എഫ് വിട്ട് പുറത്ത് വരുന്ന കക്ഷിയുടെ സമീപനം നോക്കി നിലപാട് സ്വീകരിക്കും'; ജോസ് പക്ഷത്തെ സ്വീകരിക്കാന്‍ തയ്യാറെന്ന സൂചന നല്‍കി കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ ഒപ്പം കൂട്ടാന്‍ തയ്യാറാണെന്ന് സൂചന നല്‍കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് വിട്ട് പുറത്ത് വരുന്ന കക്ഷിയുടെ സമീപനവും രാഷ്ട്രീയ നിലപാടും നോക്കി നിലപാട് സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

യു.ഡി.എഫിനെയും ബി.ജെ.പിയെയും ദുര്‍ബലമാക്കുകയെന്ന പൊതു ലക്ഷ്യത്തെ ശക്തിപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

‘യു.ഡി.എഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എല്‍.ഡി.എഫ് കൂട്ടായ ചര്‍ച്ചകളിലൂടെ നിലപാട് സ്വീകരിക്കും. യു.ഡി.എഫിനെയും ബി.ജെ.പിയെയും ദുര്‍ബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാകും,’ കോടിയേരി പറഞ്ഞു.

സി.പി.ഐ.എം രാഷ്ട്രീയ പരമായും സംഘടനാപരമായും കെട്ടുറപ്പുള്ള പാര്‍ട്ടിയാണെന്നും യു.ഡി.എഫിന്റെ ആഭ്യന്തര കലഹത്തില്‍ പങ്കാളിയാകാനില്ലെന്നും കോടിയേരി ലേഖനത്തില്‍ പറഞ്ഞു.

”എല്‍.ഡി.എഫ് എന്നത് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ്. യു.ഡി.എഫ് ആകട്ടെ അന്തഃഛിദ്രത്തിന്റെ മുന്നണിയും. അതുകൊണ്ടുതന്നെ യു.ഡി.എഫിന്റെ ആഭ്യന്തര കലഹത്തില്‍ എല്‍.ഡി.എഫോ സി.പി.ഐ എമ്മോ കക്ഷിയാകില്ല,’ കോടിയേരി പറഞ്ഞു.

കോട്ടയം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയതായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തകരാന്‍ പോകുന്ന കപ്പലില്‍ നിന്ന് നേരത്തെ മോചിതമായതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു ജോസ് പക്ഷമെന്നും കോടിയേരി പറഞ്ഞു.

ജോസ് പക്ഷത്തെ യു.ഡി.എഫിലേക്ക് കൊണ്ട് വരാന്‍ കോണ്‍ഗ്രസ് മുസ് ലിം ലീഗ് നേതാക്കള്‍ പലവിധ അനുനയ നീക്കങ്ങളും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിള്ളലേറ്റതെന്നും ഇത് ശ്രദ്ധേയമായ രാഷ്ട്രീയ വികാസമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

യു.ഡി.എഫിന്റെ ആഭ്യന്തര കലഹത്തിന്റെ അതിര്‍വരമ്പും കടന്നിരിക്കുകയാണ്. ഇത് യു.ഡി.എഫിന്റെ ശക്തിയെയും നിലനില്‍പിനെയും സാരമായി ബാധിക്കുമെന്നും കോടിയേരി വിമര്‍ശിച്ചു.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കൊണ്ട് വന്ന അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്റെ എല്ലാ കരുത്തും ചോര്‍ത്തിയെന്നും അദ്ദേഹം ലേഖനത്തില്‍ പരാമര്‍ശിച്ചു.

സെക്രട്ടറിയേറ്റിലെ ഒരു സെക്ഷനിലുണ്ടായ ചെറിയ തീപിടിത്തത്തെ മഹാസംഭവമാക്കി വ്യാജകഥകളുമായി ഇറങ്ങിയെന്നും ഒരു വിഭാഗം മാധ്യമങ്ങള്‍ കൈമെയ് മറന്ന് ഇവരെ സഹായിച്ചെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ സര്‍ക്കാരിനെതിരായി നടത്തുന്ന പ്രചരണങ്ങള്‍ ജനങ്ങളില്‍ ഏശാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Will take a stand on the approach of the party leaving the UDF; Kodiyeri signaled that he was ready to accept kerala congress  Jose’s  side

We use cookies to give you the best possible experience. Learn more