സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പ്രസംഗിച്ചത് വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കുമെന്നാണ്. കോടിയേരിയുടെ ഈ പ്രസ്താവന കേരളത്തില്‍ ഇടതു സര്‍ക്കാറുമായോ കേരളത്തിലെ കമ്യൂണിസ്റ്റുകളുമായോ സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ അബ്ദു സമദ് പൂക്കോട്ടൂരിനും സമസ്തക്കുമുള്ള ക്ഷണക്കത്തായി വേണം വിലയിരുത്താന്‍. അബ്ദു സമദ് പൂക്കോട്ടൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത് കേരളത്തിലെ ഇടതു പാര്‍ട്ടികളില്‍ വിശ്വാസികളുമുണ്ട് എന്നതാണ്. അതിന് കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ടാണ് കോടിയേരിയുടെ പ്രസംഗം.
കേരളത്തിലെ രണ്ട് പ്രബല സുന്നി സംഘടനകളാണ് ചേളാരി ആസ്ഥാനമായുള്ള ഇ.കെ വിഭാഗവും കാന്തപുരം നേതൃത്വം നല്‍കുന്ന എ.പി വിഭാഗവും. കഴിഞ്ഞ കുറച്ച് നാളുകളായി എ.പി വിഭാഗം ഇടതുപക്ഷത്തോടൊപ്പവും ഇ.കെ. വിഭാഗം യു.ഡി.എഫിനൊപ്പവുമായിരുന്നു നിലകൊണ്ടിരുന്നത്. പ്രത്യേകിച്ച് മുസ്‌ലിം ലീഗിനൊപ്പം.
എന്നാല്‍ അടുത്ത ദിവസങ്ങളിലായി ഇരുവിഭാഗത്ത് നിന്നുമുള്ള നേതാക്കളുടെയും, സംഘടനകളുടെ തന്നെ ഒദ്യോഗിക പ്രസ്താവനകളും നല്‍കുന്ന സൂചനകള്‍ ഇരു സംഘടനകള്‍ക്കും ഇരുമുന്നണികളുമായുള്ള ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നു എന്നതാണ്. ഇ.കെ വിഭാഗം ഇടതുപക്ഷവുമായി കൂടുതല്‍ അടുക്കുമ്പോള്‍ എ.പി വിഭാഗം ഇടതുമായി അകലുകയും ചെയ്യുന്നു. ഇ.കെ വിഭാഗം നേതാവ് അബ്ദു സമദ് പൂക്കോട്ടൂരിന്റെ അവസാനത്തെ പ്രസ്താവനയും എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയും ഈ സൂചനയെ ഒരിക്കല്‍കൂടി ഉറപ്പിക്കുന്നതാണ്.
കേരളത്തിലെ ഇടതു സര്‍ക്കാറുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് സമസ്തക്കകത്തെ തന്നെ ഏറ്റവും വലിയ മുസ്‌ലിം ലീഗ് ശബ്ദമായ അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞിരിക്കുന്നത്. മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് ജിഫ്രി തങ്ങളടക്കമുള്ള മഹാഭൂരിപക്ഷം സമസ്ത നേതാക്കളും വിട്ടുനിന്നപ്പോഴും ആ സമ്മേളനത്തില്‍ പങ്കെടുത്ത നേതാവായിരുന്നു അബ്ദു സമദ് പൂക്കോട്ടൂര്‍. അദ്ദേഹമാണ് ഇപ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റുകളുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞിരിക്കുന്നത്.
അതിന് കാരണമായി അദ്ദേഹം പറഞ്ഞിരിക്കുന്നത് കേരളത്തിലെ കമ്യൂണിസ്റ്റുകളില്‍ മതവിശ്വാസികളുമുണ്ട് എന്നാണ്. അബ്ദു സമദ് പൂക്കോട്ടൂരിന്റെ ഈ പ്രസ്താവനയെ സ്വാഗതം ചെയ്യുന്ന തരത്തിലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പ്രസംഗിച്ചിരിക്കുന്നതും.
എക്കാലത്തും ലീഗിന് പിന്നില്‍ ശക്തമായി അണിനിരന്നിരുന്നവരാണ് കേരളത്തിലെ ഇ.കെ സുന്നി വിഭാഗം. ആ വിഭാഗമാണ് ഇപ്പോള്‍ ലീഗുമായി അകലുന്നത്. തങ്ങളുമായി അകലുന്നതിനേക്കാള്‍ വലിയ അപകടമായി ലീഗ് കാണുന്നത് അവര്‍ ഇടതുമായി അടുക്കുന്നു എന്നതാണ്. ജിഫ്രി തങ്ങള്‍ സമസ്തയുടെ നേതൃസ്ഥാനത്തെത്തിയതിന് ശേഷമുണ്ടായിട്ടുള്ള എല്ലാ നീക്കങ്ങളും അത്തരത്തിലുള്ളതായിരുന്നു.
ഒരിക്കല്‍ പോലും ലീഗിനൊപ്പമോ യു.ഡി.എഫിനൊപ്പമോ നിന്ന് ജിഫ്രി തങ്ങളും സമസ്തയും സര്‍ക്കാറിനെയോ മുഖ്യമന്ത്രി പിണറായി വിജയനെയോ പ്രതിസന്ധിയിലാക്കിയിട്ടില്ല. മാത്രവുമല്ല പല പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നും പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാറിനെയും രക്ഷിച്ചെടുക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ വഖഫ് സംരക്ഷണ വിഷയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന ലേബല്‍ വിട്ട് കേവലം മതസംഘടനയുടെ നിലവാരത്തില്‍ നിന്ന് മുസ്‌ലിം ലീഗ് വഖഫ് വിഷയത്തില്‍ ഇടപെട്ടപ്പോള്‍ ആ ശ്രമത്തെ മുളയിലെ നുള്ളുന്ന നിലപാടായിരുന്നു ജിഫ്രി തങ്ങളുടേത്.
പള്ളികളില്‍ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെ പ്രതിഷേധിക്കണമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പ്രസ്താവന ഇറക്കി നിമിഷങ്ങള്‍ക്കകം, പള്ളിയില്‍ പ്രതിഷേധവും വേണ്ട ഉത്ഭോദനവും വേണ്ട എന്ന് പരസ്യമായി പറയുകയായിരുന്നു ജിഫ്രി തങ്ങള്‍ ചെയ്തത്. ഈ രീതിയില്‍ വിശ്വാസത്തില്‍ ഇടപെട്ടുകൊണ്ട് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ മുസ്‌ലിം ലീഗ് നോക്കിയപ്പോഴൊക്കെ മറ്റാരേക്കാളുമധികം ലീഗിന്റെ ആ ശ്രമങ്ങളെ പ്രതിരോധിച്ചത് ജിഫ്രി തങ്ങളായിരുന്നു.
അപ്പോഴൊക്കെ ലീഗ് കരുതിയിരുന്നത് ജിഫ്രി തങ്ങളെ മാറ്റിയാല്‍ പ്രശ്‌നം തീരുമെന്നായിരുന്നു. എന്നാല്‍ ജിഫ്രി തങ്ങള്‍ തുടക്കമിട്ട ആ മാറ്റം സമസ്തയിലാകെ പടര്‍ന്ന് പിടിച്ചിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്ന അബ്ദു സമദ് പൂക്കോട്ടൂരിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.
ജിഫ്രി തങ്ങളുടെയും അബ്ദു സമദ് പൂക്കോട്ടൂരിന്റെയും ഈ പ്രസ്താവനകളെയും നിലപാടുകളെയും സമസ്തയിലെ മറ്റ് നേതാക്കളും പ്രവര്‍ത്തകരും ചോദ്യം ചെയ്യുന്നില്ല എന്നതും ലീഗിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഒരു കാര്യത്തിലും ഇടതു സംഘടനകളോ നേതാക്കളോ സമസ്തയെ തള്ളിപ്പറയുകയോ ഏതെങ്കിലും വിഷയത്തില്‍ സമസ്തക്കെതിരെ പരസ്യ പ്രതിഷേധം നടത്തുകയോ ചെയ്യുന്നില്ല എന്നതും സമസ്തയും ഇടതുപക്ഷവും തമ്മില്‍ കൂടുതല്‍ അടുക്കുന്നതിന്റെയോ ആ അടുപ്പത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെയോ സൂചനയാണ്.
ഒരു ഭാഗത്ത് സമസ്ത മുസ്‌ലിം ലീഗുമായി അകലുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ പിണറായി വിജയനെ സഹായിക്കുകയു ചെയ്യുമ്പോഴും മറു ഭാഗത്ത് കുറെകാലമായി ഇടതുപക്ഷവുമായി അടുപ്പത്തിലായിരുന്ന കാന്തപുരം എ.പി വിഭാഗം ഇടതുപക്ഷത്ത് നിന്ന് അകലുന്നതും കാണാം. മിശ്രവിവാഹത്തിന്റെ കാര്യത്തിലും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ കാര്യത്തിലും ഏറ്റവും ഒടുവില്‍ സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട ഇടതു നിലപാടിനെതിരെയും ആദ്യം രംഗത്തുവന്നത് എ.പി വിഭാഗം സുന്നി സംഘടനകളായിരുന്നു എന്നത് ഈ വിള്ളലിന്റെ സൂചനകളാണ്.
കാന്തപുരം വിഭാഗം ആദ്യമായല്ല ഇടതുപക്ഷവുമായി അകലുന്നത്. നേരത്തെ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരസ്യമായല്ലെങ്കിലും ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന യു.ഡി.എഫ് മുന്നണിക്ക് പിന്തുണ നല്‍കിയിരുന്നു. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപത്തെ മര്‍കസിന്റെ അധീനതയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. പ്രസ്തുത ഭൂമി പ്രതിരോധ വകുപ്പ് ഏറ്റെടുക്കുമെന്ന ഒരു ഘട്ടത്തിലാണ് അന്നത്തെ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന എ.കെ ആന്റണിയുടെ സഹായം മുന്നില്‍ക്കണ്ട് കാന്തപുരം വിഭാഗം യു.ഡി.എഫിന് പിന്തുണ നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ കുറെ കാലമായി ഇടതുപക്ഷത്തോടൊപ്പം നിന്ന കാന്തപുരം വിഭാഗം രണ്ടാം പിണറായി സര്‍ക്കാര്‍ മുതല്‍ പരസ്യമായി തന്നെ കമ്യൂണിസത്തെ എതിര്‍ത്ത് രംഗത്ത് വരുന്നതിന് പിന്നില്‍ ചില വ്യക്തമായ അജണ്ടകളുണ്ട്. അത് വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.
നേരത്തെ മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ സര്‍ക്കാരുമായി വിയോജിപ്പുകള്‍ പങ്കുവെച്ചിരുന്നു എന്നതൊഴിച്ചാല്‍, ആദ്യമായാണ് വിശ്വാസവും മതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ കാന്തപുരം വിഭാഗം ഇടതുപക്ഷത്തോട് വിയോജിപ്പും പ്രതിഷേധവും പ്രകടിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞദിവസം എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയാണ് ഏറ്റവും പ്രധാനപ്പെട്ടത്. കേരളത്തിലെ ക്യാംപസുകളില്‍ കമ്യൂണിസം അരാജകത്വം വളര്‍ത്തുന്നു എന്നായിരുന്നു എസ്.എസ്.എഫിന്റെ പ്രസ്താവന. ഇത് എസ്.എഫ്.ഐയെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട കേരളത്തിലെ ഇടത് പ്രസ്ഥാനങ്ങളെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വില നല്‍കിയ സംസ്ഥാന സര്‍ക്കാറിനെയും ഈ പ്രസ്താവനയില്‍ വിമര്‍ശിക്കുന്നുണ്ട്.
പേരാമ്പ്രയിലെ മിശ്രവിവാഹത്തെ ക്യാംപസുകളില്‍ ഇടത് സംഘടനകള്‍ വളര്‍ത്തിയ അരാജകത്വത്തിന്റെ ഭാഗമായാണ് എസ്.എസ്.എഫ് കാണുന്നത്. ബാലുശ്ശേരിയിലെ യൂണിഫോം വിഷയത്തിലും എസ്.എസ്.എഫ് നിലപാട് പ്രതിഷേധത്തിന്റേതായിരുന്നു. പെണ്‍കുട്ടികള്‍ക്ക് മേല്‍ വസ്ത്രം അടിച്ചേല്‍പ്പിക്കുന്നു എന്നാണ് ഈ വിഷയത്തില്‍ പ്രതിഷേധിച്ച് എസ്.എസ്.എഫ് പറഞ്ഞത്.
ബാലുശ്ശേരി സ്‌കൂളിലെ യൂണിഫോം ഏകീകരണത്തില്‍ മറ്റെല്ലാ സംഘടനകളേക്കാളും മുമ്പെ പ്രതിഷേധവുമായി രംഗത്തുവന്നത് കാന്തപുരം വിഭാഗമായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഒരിക്കല്‍ പോലും സര്‍ക്കാറിനെതിരെ പരസ്യ നിലപാടെടുക്കാതിരുന്ന എ.പി വിഭാഗം ഈ വിഷയത്തില്‍ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത് മുസ്‌ലിം ലീഗിനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.
പ്രത്യക്ഷത്തില്‍ കമ്യൂണിസത്തിനെതിരെ മുസ്‌ലിം ലീഗ് ഉയര്‍ത്തുന്ന വിമര്‍ശനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് എ.പി വിഭാഗം സുന്നികളുടെ ശബ്ദമാണ് എന്നതാണ് ആശ്ചര്യം. അതേസമയം സമസ്ത ഒരിക്കല്‍ പോലും ലീഗിന്റെ ആ നിലപാടിനെ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല അതിനെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യുന്നു.
കേരളത്തിലെ ഇടതുമുന്നണിയില്‍ ഉള്ളതിനേക്കാള്‍ അധികം ഇടതുപാര്‍ട്ടികള്‍ ഉള്ള യു.ഡി.എഫിലാണ് തങ്ങള്‍ ഇപ്പോഴുമുള്ളത് എന്ന് വിമര്‍ശനങ്ങള്‍ക്കിടയിലും ലീഗ് മറക്കുന്നുണ്ട് എന്ന് കാന്തപുരം എല്ലാകാലത്തും ആരോപിക്കാറുണ്ട്.
അന്ധമായ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിച്ച്, സമസ്തയും ഇടതുപക്ഷവുമായി ഇപ്പോഴുള്ള ബന്ധം തകര്‍ക്കാനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നത്. എന്നാല്‍ സമസ്ത കൂടുതല്‍ ഇടത്തോട്ട് അടുക്കുകയും ഈ വിടവിലൂടെ എ.പി വിഭാഗം ഇടതുപക്ഷത്തില്‍ നിന്ന് അകലുകയുമാണ് ചെയ്യുന്നതാണെന്ന് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.
Content Highlight: Kodiyeri’s statement that membership will be given to believers as an invitation to Samastha