തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടയുമെന്ന് ഭീഷണിയുയര്‍ത്തിയ ബി.ജ.പി നേതാക്കള്‍ക്ക് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.എം നേതാക്കളെ തടഞ്ഞാല്‍ വഴിയിലിറങ്ങി നടക്കാമെന്നു ബി.ജെ.പി നേതാക്കള്‍ കരുതേണ്ടെന്ന് കോടിയേരി പറഞ്ഞു. മംഗലാപുരത്തെ മതസൗഹാര്‍ദ്ദ സമ്മേളനം ആര്‍.എസ്.എസിനുള്ള താക്കീതാണെന്നും കോടിയേരി പറഞ്ഞു.
Also read ഇംഫാലില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലി വേദിക്കരികില്‍ നിന്ന് ബോംബ് നീക്കം ചെയ്തു
സംസ്ഥാനത്തിനു പുറത്തും തങ്ങള്‍ വിചാരിച്ചാല്‍ കേരളത്തിനകത്തും പിണറായിയെ തടയുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നേതൃത്വത്തിനുള്ള മറുപടിയെന്നോണമായിരുന്നു കോടിയേരിയുടെ വാക്കുകള്‍. ദല്‍ഹിയില്‍ എ.ബി.വി.പിക്കെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍ നടത്തിയതിന്റെ പേരില്‍ ബലാത്സംഗ ഭീഷണി നേരിടുന്ന ഗുര്‍മെഹര്‍ കൗറിന്റെ വിഷയത്തിലും കോടിയേരി പ്രതികരണം നടത്തി.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്ന എ.ബി.വി.പിയെ ക്യമ്പസുകളില്‍ നിന്ന് ഒറ്റപ്പെടുത്തണമെന്നായിരുന്നു കോടിയേരി പറഞ്ഞത്.
കെ. സുരേന്ദ്രന്റെയും ബി. ഗോപാലകൃഷ്ണന്റെയും വെല്ലുവിളികള്‍ക്ക് സമാന പ്രസംഗവുമായി ബിജെ.പി നേതാവ് ശോഭാ സുരേന്ദ്രനും ഇന്ന് രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസ് തീരുമാനിച്ചാല്‍ മുഖ്യമന്ത്രിക്ക് കേരളത്തില്‍ യാത്ര ചെയ്യുക പ്രയാസമാകുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.