| Tuesday, 12th July 2016, 1:33 pm

എം.കെ ദാമോദരന്‍ സര്‍ക്കാരിന് എതിരായ കേസുകളില്‍ ഹാജരായിട്ടില്ലെന്ന് കോടിയേരി; മാര്‍ട്ടിന്‍ കേസില്‍ എതിര്‍ കക്ഷി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ കേസുകളില്‍ എം.കെ ദാമോദരന്‍ ഹാജരായിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എം.കെ.ദാമോദരന്‍ സര്‍ക്കാര്‍ അഭിഭാഷകനല്ല, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് മാത്രമാണ്. സാന്റിയാഗോ മാര്‍ട്ടിന്റെ കേസില്‍ കേന്ദ്രമായിരുന്നു എതിര്‍കക്ഷിയെന്നും കോടിയേരി പറഞ്ഞു.

സ്വന്തം നിലയ്ക്ക് ഹാജരാകാന്‍ എം.കെ ദാമോദരന് അവകാശമുണ്ട്. സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ ഹാജരായിട്ടുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കും. കേസുകള്‍ കൈകാര്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ വിവേചനാധികാരമാണെന്നും കോടിയേരി വ്യക്തമാക്കി.

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എല്ലാ ക്ഷേത്രങ്ങളുടെ കാര്യത്തിലും ഇതാണ് പാര്‍ട്ടി നിലപാട്. മുന്‍സര്‍ക്കാരിന്റെ നിലപാടിനോട് യോജിപ്പില്ല. സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്നും കോടിയേരി പറഞ്ഞു.

ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവായ എം.കെ.ദാമോദരന്‍ ഹാജരായത് വിവാദമായിരുന്നു. ഇക്കാര്യത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.

We use cookies to give you the best possible experience. Learn more