Million Women's Wall
വനിതാ മതില്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ പരിപാടിയല്ല; വിവാദങ്ങള്‍ വനിതാ മതിലിന്റെ പ്രസക്തി വര്‍ധിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 23, 01:23 pm
Sunday, 23rd December 2018, 6:53 pm

തിരുവനന്തപുരം: ഏതെങ്കിലും മതവിഭാഗത്തിന്റെ മാത്രം പരിപാടിയല്ല വനിതാ മതിലെന്നും മതനിരപേക്ഷതയുടെ ഒരു സംഗമമായിരിക്കും പരിപാടിയെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസും കോണ്‍ഗ്രസും വനിതാ മതിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരുക്കങ്ങള്‍ക്ക് ഒരു പോറലുമേറ്റിട്ടില്ലെന്നും വിവാദങ്ങള്‍ നന്നായി എന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നതെന്നും കോടിയേരി പറഞ്ഞു.

“കേരളത്തെ ഭ്രാന്താലയമാക്കരുത്”, “നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക”, “സ്ത്രീ സുരക്ഷ” എന്നീ മൂന്ന് മുദ്രാവാക്യങ്ങളാണ് മതിലില്‍ ഉയര്‍ത്തുക. ദേശീയ നേതാക്കളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി അടക്കമുള്ള നേതാക്കള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി മതിലില്‍ അണിചേരും. സി.പി.ഐ.എമ്മുമായി ബന്ധമുള്ള 30 ലക്ഷം വനിതകള്‍ മതിലില്‍ പങ്കെടുക്കുമെന്നും കൊടിയേരി പറഞ്ഞു. മതില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല കേസ്  നടന്ന 12 വര്‍ഷവും ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരാണ് ആര്‍.എസ്.എസുകാരെന്നും അവര്‍ ഒറ്റയടിക്ക് നിലപാട് മാറ്റിയപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന എന്‍.എസ്.എസിന്റെ ശ്രമത്തെ എതിര്‍ക്കുമെന്നും കോടിയേരി പറഞ്ഞു.

ഗതാഗത കുരുക്ക് ഇല്ലാതാക്കാനുള്ള സംവിധാനങ്ങള്‍ വിവിധ ജില്ലകളില്‍ ഉണ്ടാക്കണം എന്ന നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. നിരവധി വനിത സംഘടനകള്‍ മതിലില്‍ പങ്കെടുക്കുന്നുണ്ട്.കാസര്‍കോഡ് താലൂക്ക് ഓഫീസിനടുത്തുന്നിന്നാണ് തുടക്കം. പിന്നീട് പെരിന്തല്‍മണ്ണ വരെ ഒരേ പാതയിലുടെയാണ് മതിലില്‍ വനിതകള്‍ അണിനിരക്കുക. പെരിന്തല്‍മണ്ണയില്‍ നിന്നും പട്ടാമ്പിവരെ നാഷണല്‍ ഹൈവെ അല്ലാത്ത വഴികളിലൂടെ അണിനിരക്കും. പട്ടാമ്പിയില്‍ നിന്നും ചെറുതുരുത്തി, തൃശൂര്‍, എറണാകുളം ആലപ്പുഴ വഴി തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമ വരെയാണ് മതില്‍ നിര്‍മിക്കാന്‍ പോകുന്നതെന്ന് സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതില്‍ എല്ലാ പാര്‍ട്ടിഘടകങ്ങളും സഹകരിക്കണമെന്നും കോടിയേരി പറഞ്ഞു.

സ്ത്രീകള്‍ മാത്രമാണ് മതിലില്‍ അണിനിരക്കുന്നത്. മതിലിനെ വരവേല്‍ക്കാന്‍ വനിത മതിലിന്റെ എതിര്‍ഭാഗത്താണ് പുരുഷന്‍മാര്‍ നില്‍ക്കേണ്ടത്. വയനാട് ജില്ലയിലുള്ള സ്ത്രീകള്‍ കോഴിക്കോട്ടെത്തണം. ഇടുക്കിയിലുള്ളവര്‍ ആലുവയിലെത്തണം. കോട്ടയം പത്തനംതിട്ട ജില്ലയിലുള്ളവര്‍ ആലപ്പുഴ ദേശീയ പാതയിലാണ് മതിലില്‍ ചേരുക. സ്ത്രീകള്‍ വലിയ തോതില്‍ പരിപാടിക്കായി രംഗത്ത് വന്നിരിക്കുകയാണ്. 30 ലക്ഷം വീടുകളില്‍ സ്ത്രീകളുടെ സ്‌ക്വാഡ് ഇതിനകം സന്ദര്‍ശിച്ചുകഴിഞ്ഞു. സ്ത്രീകളുടെ 25,000 സ്‌ക്വാഡാണ് വനിത മതിലിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.