കൊച്ചി: മരടിലെ ഫ്‌ളാറ്റ് നിവാസികള്‍ക്കൊപ്പം സി.പി.ഐ.എം ഉണ്ടാകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ല. സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
ഫ്‌ളാറ്റ് നിര്‍മ്മിച്ചവരാണ് നിയമലംഘകര്‍. ഉടമകള്‍ക്ക് സ്വാഭാവിക നീതി കിട്ടിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്ന് കോടിയേരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഫ്‌ളാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും കോടിയേരി പറഞ്ഞിരുന്നു.
ഫ്‌ളാറ്റിലെ താമസക്കാര്‍ അവരുടെതാല്ലാത്ത കാരണത്താലാണ് ഒഴിഞ്ഞുപോകാന്‍ കോടതി പറയുന്നത്. നിയമലംഘനം നടത്തിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മരടില്‍ കയ്യേറ്റത്തില്‍ ഒരു പങ്കുമില്ലാത്ത താമസക്കാരെ ശിക്ഷിക്കുന്ന തരത്തിലാണ് നടപടിയുണ്ടായിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് മനുഷ്യത്വപരമായ നടപടിയുണ്ടാകണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.
ഈ മാസം 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. തുടര്‍ന്ന് അഞ്ചുദിവസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങിയിരുന്നു. നോട്ടീസിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് ഉടമകള്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്‌ളാറ്റുകളില്‍ നിന്നൊഴിയില്ലെന്നും നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്നും ഉടമകള്‍ നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉടമകള്‍. നഗരസഭയ്ക്കു മുന്നില്‍ ധര്‍മ്മ നടത്തുമെന്നും ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.