തിരുവനന്തപുരം: കതിരൂര്‍ മനോജ് മനോജ് വധക്കേസില്‍സി.പി.ഐ.എം നേതാവ് പി.ജയരാജനെ പ്രതി ചേര്‍ത്തതിന് പിന്നില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ സി.ബി.ഐയും സംസ്ഥാന സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും കോടിയേരി തിരുവന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളാ സന്ദര്‍ശനത്തിന് കൊച്ചിയിലെത്തിയപ്പോള്‍ മോഹന്‍ ഭാഗവതിനെ മനോജിന്റെ ബന്ധുക്കളെന്നപേരില്‍ ചിലര്‍ സന്ദര്‍ശിച്ചുവെന്നും അതിനു മുന്‍പ് വരെ ജയരാജനെതിരെ കേസുണ്ടായിരുന്നില്ലെന്നും കോടിയേരി ആരോപിച്ചു. ആര്‍.എസ്.എസിന്റെ താല്പര്യപ്രകാരമാണ് ജയരാജനെതിരെ കേസ് പുരോഗമിക്കുന്നതെന്നും സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ഏര്‍പ്പെടുത്തിയില്ലെന്നും കോടിയേരി പറഞ്ഞു.
യു.എ.പി.എ ചുമത്തിയത് അന്യായമാണെന്നും ഇത് ദൂര വ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി. ആര്‍.എസ്.എസ് ഗൂഢാലോചനയുടെ ഫലമാണിതെന്നും കോടതി വിധിയില്‍ തെളിയുന്നത് ഇരട്ടനീതിയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് കെ.ടി ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സി.ബി.ഐ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും കേസില്‍ യു.എ.പി.എ നിലനില്‍ക്കുമെന്നും കോടതി വിധിയില്‍ പറഞ്ഞിരുന്നു.
ജയരാജനെതിരെ യു.എ.പി.എ ചുമത്താനുള്ള തെളിവുകളുണ്ട്. ആയിരങ്ങള്‍ മരിച്ചോ ഒരാള്‍ മരിച്ചോ എന്നതല്ല യു.എ.പി.എ ചുമത്തുന്നതിനുള്ള മാനദണ്ഡം. യു.എ.പി.എ ചുമത്തിയാല്‍ ജാമ്യം നല്‍കാനാകില്ല. കേസിന്റെ സ്വഭാവമാണ് യു.എ.പി.എ ചുമത്തുന്നതിന് ആധാരം. ആരും കൊല്ലപ്പെട്ടിട്ടില്ല എങ്കില്‍ പോലും യു.എ.പി.എ ചുമത്താമെന്നും കോടതി പറഞ്ഞിരുന്നു.