കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാ ജനജാഗ്രതാ യാത്രയ്‌ക്കെതിരെ ബി.ജെ.പിയും മുസ്‌ലിം ലീഗും. കോടിയേരി യാത്രക്കുപയോഗിച്ചത് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയുടെ വാഹനമാണെന്നു ലീഗും ബി.ജെ.പിയും ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് നടപടി നേരിടുന്ന നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് ഫൈസല്‍ കാരാട്ടിന്റെ ഉടമസ്ഥതയിലുള്ള മിനി കൂപ്പര്‍ കാറാണ് കോടിയേരി ഉപയോഗിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ കോടിയേരിക്കെതിരെ രംഗത്തെത്തിയത്. “ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ?” എന്നു ചോദിച്ചുകൊണ്ടാണ് സുരേന്ദ്രന്റെ പോസ്റ്റ്. കോടിയേരി സഞ്ചരിക്കുന്ന കാര്‍ PY 01 WJ 3000 നമ്പര്‍ കാര്‍ കള്ളക്കടത്തു കേസ് പ്രതി ഫൈസല്‍ കാരാട്ടിന്റേതാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. കോടിയേരിയും കള്ളക്കടത്തുക്കാരുമായുള്ള ബന്ധം പാര്‍ട്ടിയും മുഖ്യമന്ത്രിയും അന്വേഷിക്കണമെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
മുസ്ലീം ലീഗ് നേതൃത്വവും സമാന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ കാരാട്ട്ഫൈസലിന്റെ കാറുപയോഗിച്ചത് സി.പി.ഐ.എമ്മും സ്വര്‍ണ മാഫിയയും തമ്മിലെ ബന്ധത്തിന്റെ തെളിവാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സംഭവം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് അന്വേഷിക്കണമെന്ന് ലീഗ് നേതാവ് മായിന്‍കുട്ടി ഹാജി ആവശ്യപ്പെട്ടു.
Dont Miss: ചിരി പടര്‍ത്താന്‍ കാരണമായതില്‍ സന്തോഷം; ട്രോളുകള്‍ക്ക് മറുപടിയുമായി ചിന്ത ജെറോം
കൊടുവള്ളി പഞ്ചായത്ത് അംഗവും കൊടുവള്ളി ഐറിഷ് ഗോള്‍ഡ് ഉടമയുമായ ഫൈസല്‍ കാരാട്ടിനെതിരെ കോഫോപോസ കേസ് ചുമത്തിയിരുന്നു. 2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. റവന്യൂ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ ഫൈസലിനെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റു ചെയ്തത്.
സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
“ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ? കൊടുവള്ളിയില്‍ കോടിയേരിയെ ആനയിക്കുന്ന ഈ കാര്‍ ആരുടേതാണെന്നറിഞ്ഞാല്‍ സംഗതി ബോധ്യമാവും. സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതി അതും ആയിരം കിലോയിലധികം സ്വര്‍ണ്ണം കടത്തിയതിന്റെ പേരില്‍ ഡി. ആര്‍. ഐയും കോഫേപോസയും ചുമത്തപ്പെട്ട ഫൈസല്‍ കാരാട്ടിന്റെ കാറിലാണ് വിപ്ലവപാര്‍ട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഇനിയും തെളിവുകള്‍ ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാം. അന്വേഷിക്കാന്‍ തയ്യാറാവുമോ പാര്‍ട്ടിയും മുഖ്യമന്ത്രിയും? നോട്ട് നിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളിയതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയില്ലേ?”