|

സംഘടനാ പ്രശ്‌നത്തിന്റെ പേരില്‍ മാത്രമല്ല അനില്‍ കുമാര്‍ പാര്‍ട്ടി വിട്ടത്; കോണ്‍ഗ്രസിലുള്ള പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്ന് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിലെത്തിയ കെ.പി.അനില്‍ കുമാറിനെ സ്വാഗതം ചെയ്ത് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.

വെറും സംഘടനാ പ്രശ്‌നം മാത്രം ഉന്നയിച്ചല്ല അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടതെന്നും രാഷ്ട്രീയപ്രശ്‌നങ്ങള്‍ കൂടി ഉന്നയിച്ചുകൊണ്ടുള്ള നിലപാടാണ് അനില്‍ കുമാര്‍ സ്വീകരിച്ചതെന്നും അത് സ്വാഗതാര്‍ഹമായ നിലപാടാണെന്നും കോടിയേരി പറഞ്ഞു. എ.കെ.ജി സെന്ററില്‍ അനില്‍ കുമാറിനോടൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു കോടിയേരി.

‘കോണ്‍ഗ്രസില്‍ നടക്കുന്ന നയപരമായ പ്രശ്‌നങ്ങള്‍ കൂടി ഇതിനകത്ത് ഉണ്ട്. ഏകാധിപത്യ പ്രവണത, മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ കഴിയാത്ത നിലപാട്, ആര്‍.എസ്.എസിനോടുള്ള മൃദുസമീപനം അങ്ങനെയുള്ള വിവിധ പ്രശ്‌നങ്ങളാണ് അനില്‍ കുമാര്‍ ഉന്നയിച്ചിരിക്കുന്നത്. വെറും സംഘടനാ പ്രശ്‌നങ്ങള്‍ മാത്രമല്ല. രാഷ്ട്രീയപ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിലപാട് അനില്‍ കുമാര്‍ സ്വീകരിച്ചതായാണ് കാണുന്നത്. അത് സ്വാഗതാര്‍ഹമായ നിലപാടാണ്,’ കോടിയേരി പറഞ്ഞു.

സെമി കേഡര്‍ പാര്‍ട്ടിയായാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമോ എന്ന ചോദ്യത്തിന് എന്താണ് സെമി കേഡര്‍ പാര്‍ട്ടി എന്ന് അവര്‍ പറഞ്ഞതിലൂടെ ഉദ്ദേശിച്ചതെന്ന് മനസിലായിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി.

കേഡര്‍ പാര്‍ട്ടി എന്ന് പറഞ്ഞതുകൊണ്ട് അങ്ങനെയാവില്ല. അതിനാവശ്യമായ പ്രത്യയശാസ്ത്രം വേണം. സംഘടനാ സംവിധാനം വേണം. കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ കേഡര്‍ സംവിധാനത്തിന് സഹായകരമായതല്ല, കോടിയേരി പറഞ്ഞു.

കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു വരുമോ എന്ന ചോദ്യത്തിന് വരും ദിവസങ്ങളില്‍ കാണാമെന്നായിരുന്നു കോടിയേരിയുടെ മറുപടി.

നിരുപാധികമായാണ് അനില്‍ കുമാര്‍ വന്നത്. ഞങ്ങളെ അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് എല്ലാ വിധ പ്രോത്സാഹനവും കൊടുക്കും. സി.പി.ഐ.എമ്മാണ് ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ. ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് കേരളത്തിന്റെ ഭാവി എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതിന്റേതായ മാറ്റം എല്ലാ പാര്‍ട്ടികളിലും വന്നുകൊണ്ടിരിക്കുന്നു.

ഇന്ന് കോണ്‍ഗ്രിലുള്ള പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കേന്ദ്രത്തിലും തമ്മിലടിയും പ്രശ്‌നങ്ങളും. സംസ്ഥാന കോണ്‍ഗ്രസിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ നടക്കുന്നു. പ്രതിപക്ഷത്ത് ആദ്യമായി അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു അഞ്ച് വര്‍ഷം കൂടി ഇരിക്കേണ്ടി വരുന്നു. ഇങ്ങനെയുള്ള പ്രതികൂല സാഹചര്യം അവര്‍ക്കുണ്ട്. യു.ഡി.എഫ് തകരുന്നു എന്നതിനേക്കാള്‍ അവര്‍ ഒറ്റപ്പെടുകയാണെന്നും കോടിയേരി പറഞ്ഞു.അനില്‍ കുമാറുമായി ഒരു ചര്‍ച്ചയും ഇതുവരെ നടത്തിയിട്ടില്ലെന്നും വിട്ടുവരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന സി.പി.ഐ.എം മുന്‍പും കൊടുത്തിട്ടുണ്ടെന്നും ഇനിയും കൊടുക്കുമെന്നും കോടിയേരി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kodiyeri Invite KP Anil Kumar on CPIM