| Friday, 10th February 2017, 10:02 am

ലോ അക്കാദമിയില്‍ കണ്ടത് കോലീബി സഖ്യത്തിനുള്ള നീക്കം: വിവേകം വൈകിയുദിച്ചാലും നല്ലതുതന്നെയെന്ന് പറഞ്ഞ് സമരം അവസാനിപ്പിച്ചതിനെ പരിഹസിച്ച് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍.എസ്.എസിനോടുള്ള ബി.ജെ.പിയോടുമുള്ള യു.ഡി.എഫിന്റെ എതിര്‍പ്പ് തൊലിപ്പുറമേയുള്ളതാണെന്ന് തെളിയിക്കുന്നതാണ് ലോ അക്കാദമി സമരം.


കോഴിക്കോട്: എസ്.എഫ്.ഐയുമായി മാനേജ്‌മെന്റ് നേരത്തെ ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചാണ് ലോ അക്കാദമി സമരത്തില്‍ ഇപ്പോള്‍ ഒത്തുതീര്‍പ്പുണ്ടായതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയിലെ ലേഖനത്തിലൂടെയാണ് കോടിയേരിയുടെ അഭിപ്രായ പ്രകടനം.

“എന്തായാലും വിവേകംവൈകി ഉദിച്ചാലും നല്ലതു തന്നെ ” എന്നു പറഞ്ഞ് അദ്ദേഹം ഇതിനെ പരിഹസിക്കുകയും ചെയ്തു.

ആര്‍.എസ്.എസിനോടുള്ള ബി.ജെ.പിയോടുമുള്ള യു.ഡി.എഫിന്റെ എതിര്‍പ്പ് തൊലിപ്പുറമേയുള്ളതാണെന്ന് തെളിയിക്കുന്നതാണ് ലോ അക്കാദമി സമരം. എല്‍.ഡി.എഫിനെ ഒറ്റപ്പെടുത്താനും മുന്നണിയുടെ ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്താനും കോ-ലീ-ബി കൂട്ടുകെട്ട് ഏത് ഘട്ടത്തിലും പ്രത്യക്ഷപ്പെടാമെന്നാണ് ലോ അക്കാദമി സമരവും അനുബന്ധ സംഭവങ്ങളും മുന്നറിയിപ്പു നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും എത്രമാത്രം മൃദുത്വമാണ് കോണ്‍ഗ്രസ്-മുസ്‌ലിംലീഗ് കക്ഷികളും അവരുടെ നേതാക്കളും കാണിക്കുന്നതെന്ന് ലോ അക്കാദമി സമരസ്ഥലത്തെ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ വ്യക്തമാക്കി. എ കെ ആന്റണിയും മുസ്‌ലിംലീഗ് നേതാവ് ഹൈദരാലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ബി.ജെ.പിയെ ആശിര്‍വദിക്കാനെത്തി.”


Must Read: സുമുഖനായ മന്ത്രി പറയേണ്ട രീതിയില്‍ പറഞ്ഞപ്പോളാണ് അവളുമാര്‍ക്ക് കാര്യം മനസ്സിലായത്, ലോ അക്കാദമി അഴിഞ്ഞാട്ടമാണെന്ന് അഡ്വ. സംഗീത ലക്ഷ്മണ 


“മോദി സര്‍ക്കാര്‍ സൃഷ്ടിച്ച നോട്ട് പ്രതിസന്ധിക്കെതിരെ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്താന്‍ വിസമ്മതിച്ച വി എം സുധീരനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുസ്‌ലിംലീഗിനും ബി.ജെ.പിയുമായി കൂട്ടുകൂടി സമരം നടത്തുന്നതിന് ഒരു മടിയുമുണ്ടായില്ല. ലോ അക്കാദമി സമരത്തെ ഇക്കൂട്ടര്‍ സംസ്ഥാനസര്‍ക്കാരിനെതിരായ രാഷ്ട്രീയസമരമാക്കി മാറ്റിയിരുന്നു. യഥാര്‍ഥത്തില്‍ ബിജെപി സ്‌പോണ്‍സര്‍ചെയ്ത സമരത്തിന്റെ പിടിയില്‍ കോണ്‍ഗ്രസ് വീഴുകയായിരുന്നു.” അദ്ദേഹം പറയുന്നു.

ലോ അക്കാദമി വിഷയത്തില്‍ സി.പി.ഐ സ്വീകരിച്ച നിലപാടിനെയും കോടിയേരി വിമര്‍ശിക്കുന്നുണ്ട്. സി.പി.ഐ.എമ്മിന്റേയും സി.പി.ഐയുടേയും യോജിപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തേയും കേരള രാഷ്ട്രീയത്തെയും ഉത്തേജിപ്പിക്കുന്നതാണ്. ഇതിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന പൊതുധാരണ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

ലോ അക്കാദമിയിലെ ഏതെങ്കിലും അധ്യാപകരുടെയോ അക്കാദമി മാനേജ്‌മെന്റിന്റെയോ പിഴവുകള്‍ക്കോ കുറ്റങ്ങള്‍ക്കോ ഏറാന്‍മൂളാന്‍ സി.പി.ഐ.എമ്മിനെയോ എല്‍.ഡി.എഫ് സര്‍ക്കാരിനെയോ കിട്ടില്ലെന്നു പറഞ്ഞ കോടിയേരി ബി.ജെ.പി-ആര്‍.എസ്.എസ് യു.ഡി.എഫ് സമരാഭാസക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി ആരെയെങ്കിലും അനാവശ്യമായി ക്രൂശിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more