ഇന്ത്യന്‍ സേനയെ അപമാനിച്ചു എന്ന വാര്‍ത്ത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചാരണം: കോടിയേരി
Daily News
ഇന്ത്യന്‍ സേനയെ അപമാനിച്ചു എന്ന വാര്‍ത്ത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചാരണം: കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th May 2017, 4:55 pm

 

തിരുവനന്തപുരം: ഇന്ത്യന്‍ സേനയെ താന്‍ അപമാനിച്ചു എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചരണമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സൈന്യത്തെയല്ല മറിച്ച് “അഫ്‌സ്പ” കേരളത്തിലും നടപ്പിലാക്കണമെന്ന ആര്‍.എസ്.എസ് നിലപാടിനെയാണ് താന്‍ എതിര്‍ത്തതെന്നും കോടിയേരി പറഞ്ഞു.


Also read കശാപ്പ് നിരോധനം; ഹിറ്റ്‌ലറുടെ നാസി ഭരണകൂടത്തിന്റെ നടപടിയെ ഓര്‍മ്മിപ്പിച്ച് എന്‍.എസ് മാധവന്‍


“കാശ്മീരിലും നാഗാലാന്‍ഡിലും മണിപ്പൂരിലും പ്രയോഗിക്കുന്ന പട്ടാളനിയമമായ “അഫ്‌സ്പ” കേരളത്തിലും നടപ്പിലാക്കണമെന്ന് വാദിക്കുന്ന ആര്‍.എസ്.എസ് നിലപാടിനെയാണ് താന്‍ എതിര്‍ത്തത്. കണ്ണൂരില്‍ അത്തരം കരിനിയമം പ്രയോഗിക്കേണ്ട ഒരാവശ്യവുമില്ല. “അഫ്‌സ്പ”യെ എതിര്‍ത്താല്‍ സൈന്യത്തെ എതിര്‍ക്കലാണ് എന്ന വ്യാഖ്യാനം സംഘപരിവാര്‍ ഗൂഡാലോചനയുടെ ഉല്‍പ്പന്നമാണ്” അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇന്നലെയായിരുന്നു കോടിയേരി കണ്ണൂരില്‍ ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച് സംസാരിച്ചു എന്ന വാര്‍ത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നത്. ചില മാധ്യമങ്ങളും സമാനമായ രീതിയില്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ “ന്യൂനപക്ഷ സാംസ്‌കാരിക സമിതികളുടെ ജില്ലാ കോ ഓഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച “മുഖ്യധാരാ രാഷ്ട്രീയവും മുസ്‌ലിം ന്യൂനപക്ഷങ്ങളും” എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ നടത്തിയ പ്രസംഗത്തിലെ ചില വരികള്‍ അടര്‍ത്തിയെടുത്താണ് ചില മാധ്യമങ്ങളും സംഘപരിവാര്‍ പ്രവര്‍ത്തകരും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതെന്ന് കോടിയേരി പറഞ്ഞു.


Dont miss ഗോരക്ഷാ പ്രവര്‍ത്തകര്‍ ട്രയിന്‍ ആക്രമിച്ചു: സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനുള്ള പശുക്കളുമായി പോയവര്‍ക്ക് കൂരമര്‍ദ്ദനം 


കഴിഞ്ഞ ദിവസം ബി.ജെ.പി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒരു വ്യാജവീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ച്, സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്‌ളാദ പ്രകടനമെന്ന് ആരോപിച്ച് പ്രചരിപ്പിച്ചിരുന്നെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആ നുണപ്രചരണം ഏറ്റെടുത്ത് പൊലിപ്പിച്ചെന്നും പറഞ്ഞ കോടിയേരി നിയമ നടപടിയുണ്ടാവുന്ന ഘട്ടമായപ്പോള്‍ കുമ്മനം രാജശേഖരന്‍ പ്രസ്തുത ആരോപണത്തില്‍ നിന്ന് പിന്‍മാറുകായിരുന്നെന്നും ചൂണ്ടിക്കാട്ടി.

അതുപോലെയാണ് ചില മാധ്യമങ്ങളുടെ സഹകരണത്തോടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തുന്ന ഈ പ്രചരണമെന്നും കോടിയേരി പറഞ്ഞു. “പച്ചക്കള്ളമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പടച്ചുവിടുന്നത്. ഇത് ആര്‍.എസ്.എസ് രീതിശാസ്ത്രമാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

“ഇന്ത്യന്‍ സേനയെ ഞാന്‍ അപമാനിച്ചു എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചരണമാണ്.

കാശ്മീരിലും നാഗാലാന്‍ഡിലും മണിപ്പൂരിലും പ്രയോഗിക്കുന്ന പട്ടാളനിയമമായ “അഫ്‌സ്പ” കേരളത്തിലും നടപ്പിലാക്കണമെന്ന് വാദിക്കുന്ന ആര്‍ എസ് എസ് നിലപാടിനെയാണ് ഞാന്‍ എതിര്‍ത്തത്. കണ്ണൂരില്‍ അത്തരം കരിനിയമം പ്രയോഗിക്കേണ്ട ഒരാവശ്യവുമില്ല. “അഫ്‌സ്പ”യെ എതിര്‍ത്താല്‍ സൈന്യത്തെ എതിര്‍ക്കലാണ് എന്ന വ്യാഖ്യാനം സംഘപരിവാര്‍ ഗൂഡാലോചനയുടെ ഉല്‍പ്പന്നമാണ്.

ന്യൂനപക്ഷ സാംസ്‌കാരിക സമിതികളുടെ ജില്ലാ കോ ഓഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച “മുഖ്യധാരാ രാഷ്ട്രീയവും മുസ്ലീം ന്യൂനപക്ഷങ്ങളും” എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോള്‍ ആ പ്രസംഗത്തിലെ ചില വരികള്‍ അടര്‍ത്തിയെടുത്താണ് ചില മാധ്യമങ്ങളും സംഘപരിവാര്‍ പ്രവര്‍ത്തകരും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ബി ജെ പി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒരു വ്യാജവീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ച്, സിപിഐ എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്‌ളാദ പ്രകടനമെന്ന് ആരോപിച്ച് പ്രചരിപ്പിച്ചിരുന്നു.

സംഘികള്‍ ആ നുണപ്രചരണം ഏറ്റെടുത്ത് പൊലിപ്പിച്ചു. നിയമ നടപടിയുണ്ടാവുന്ന ഘട്ടമായപ്പോള്‍ കുമ്മനം രാജശേഖരന്‍ പ്രസ്തുത ആരോപണത്തില്‍ നിന്ന് പിന്‍മാറി. അതുപോലെയാണ് ചില മാധ്യമങ്ങളുടെ സഹകരണത്തോടെ സംഘികള്‍ നടത്തുന്ന ഈ പ്രചരണവും. പച്ചക്കള്ളമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പടച്ചുവിടുന്നത്. ഇത് ആര്‍ എസ് എസ് രീതിശാസ്ത്രമാണ്.

ഇത്തരം ആസൂത്രിത കുപ്രചരണങ്ങള്‍ ആരും വിശ്വസിക്കരുത്. ഇത് പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടാന്‍ സഖാക്കളും സുഹൃത്തുക്കളും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”