തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന വിവിധ സമരങ്ങള്‍ അരാജകത്വം നിറഞ്ഞവയാണെന്ന് പ്രതിപക്ഷ ഉപനേതാവ്. നില്‍പ് സമരമടക്കം കേരളത്തില്‍ നടപ്പ് സമരം, കെട്ടിപ്പിടുത്ത സമരം, ചുംബന സമരം തുടങ്ങീ സമരങ്ങളാണ് നടക്കുന്നതെന്നും കോടിയേരി പരിഹസിച്ചു. കൊല്ലത്ത് സി.പി.എം ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കോടിയേരിയുടെ പരാമര്‍ശം. ഇങ്ക്വിലാബ് വിളിച്ച കേരളം ഇപ്പോള്‍ ചുംബിലാബ് വിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പിണറായി വിജയനും ചുംബന സമരത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഭാര്യാ ഭര്‍ത്താക്കന്മാര്‍ വീടിനുള്ളില്‍ കാണിക്കുന്നത് പുറത്തു കാണിച്ചാല്‍ ജനം അംഗീകരിക്കുകയില്ലെന്നും സദാചാര പൊലീസിനെതിരെ എല്ലാവരെയും അണിനിരത്താന്‍ ഇത്തരം സമരങ്ങള്‍ക്കാവില്ലെന്നുമാണ് പിണറായി പറഞ്ഞിരുന്നത്.
എന്നാല്‍ ചുംബന സമരത്തെ അനുകൂലിച്ച് കൊണ്ട് നേരത്തെ ഡി.വൈ.എഫ്.വൈ നേതാവ് എം.ബി രാജേഷ് രംഗത്ത് വന്നിരുന്നു. ഇതിന് പുറകിലായി എസ്.എഫ്.ഐ യും ചുംബന സമരത്തെ അനുകൂലിച്ചിരുന്നു.
സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതു ചെറുപ്പക്കാരിലൂടെയാണെന്നും യുവാക്കള്‍ക്ക് ഒത്തുചേരാന്‍ ഒരിടം വേണമെന്നും അതിനെ സദാചാരലംഘനമായി കാണാനാവില്ലെന്നും സി.പി.എം പി.ബി അംഗമായ എം.എ ബേബിയും അഭിപ്രായപ്പെട്ടിരുന്നു.