| Saturday, 27th February 2016, 5:52 pm

ജിജി തോംസണ്‍ ചക്കിക്കൊത്ത ചങ്കരന്‍: ജിജി തോംസണിന്റെ നിയമനത്തിനെതിരെ കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  ജിജി തോംസണും ഉമ്മന്‍ചാണ്ടിയും ചക്കിക്കൊത്ത ചങ്കരന്‍മാരാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അഴിമതിക്ക് കുടപിടിക്കുന്നവരെ ആദരിക്കുന്ന നടപടിയുടെ ഭാഗമാണിത്. മുഖ്യ വിവരാവകാശ കമീഷണറായുള്ള വിന്‍സന്‍ എം. പോളിന്റെ നിയമനവും സര്‍ക്കാരിന്റെ പ്രത്യുപകാരമായി കണ്ടാല്‍ മതിയെന്നും കോടിയേരി പറഞ്ഞു.

വിരമിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെയാണ് തോംസണെ ക്യാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാക്കുന്നത്. തിങ്കളാഴ്ചയാണ് ചീഫ് സെക്രട്ടറി പദവിയില്‍ നിന്നും ജിജി തോംസണ്‍ വിരമിക്കുന്നത്. ജിജി തോംസന്റെ സര്‍വീസ് മൂന്നു മാസത്തേക്ക് കൂട്ടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മന്ത്രിസഭ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

ജിജി തോംസണിന്റെ നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി.എസ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ  മന്ത്രിസഭയ്ക്ക് നയപരമായ ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ല. ഒരു പദ്ധതിയും ആവിഷ്‌കരിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ ജിജി തോംസണ്‍ എന്ത് ഉപദേശമാണ് മുഖ്യമന്ത്രിക്ക് നല്‍കുകയെന്നും വി.എസ് ചോദിച്ചു. ഒരു ധൂര്‍ത്തു പുത്രനെ പോലെയാണ് ഉമ്മന്‍ചാണ്ടി ഓരോന്നും ചെയ്യുന്നതെന്നും വി.എസ് പറഞ്ഞു.

വിന്‍സന്‍ എം.പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെയും വി.എസ് നേരത്തെ എതിര്‍ത്തിരുന്നു. സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് വി.എസ് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more