തിരുവനന്തപുരം: ശബരിമല കര്‍മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യുന്നത് യുക്തി രഹിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ എന്ന് കോടിയേരി ചോദിച്ചു.
പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടോയോ? ആത്മീയ ആള്‍ ദൈവങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഉത്തരേന്ത്യയില്‍ പതിവായിക്കഴിഞ്ഞു. കേരളത്തില്‍ അത്തരമൊരു സാഹചര്യം ഉണ്ടാക്കാന്‍ ഇടത് മുന്നണി അവസരമൊരുക്കില്ലെന്നും കോടിയേരി പറഞ്ഞു.
വലത്പക്ഷ ഏകീകരണത്തിന്റെ ഭാഗമായാണ് അമൃതാന്ദമയി പങ്കെടുക്കുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.ആദ്ധ്യാത്മിക നേതാക്കളെയും മതനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അയ്യപ്പസംഗമത്തിന് ആര്‍.എസ്.എസ് ആണ് നേതൃത്വം നല്‍കുന്നത്.
ശബരിമല ആചാര സംരക്ഷണത്തിനായി ശബരിമല കര്‍മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം ഇന്ന് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും. നാലു ലക്ഷം അയ്യപ്പഭക്തരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നത്.