| Saturday, 5th May 2018, 7:28 pm

സി.പി.എമ്മുകാരെ കൊന്നവരാണ് ആര്‍.എസ്.എസുകാര്‍, അവരുടെ ഒരു വോട്ടും പാര്‍ട്ടിയ്ക്ക് വേണ്ട; കാനത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എമ്മിന് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആര്‍.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തങ്ങളുടെ പാര്‍ട്ടി അനുയായികളെ കൊന്നവരുടെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസുകാര്‍ നിരവധി സി.പി.ഐ.എം പ്രവര്‍ത്തകരെ കൊന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ അവരുടെ വോട്ട് ആവശ്യമില്ല. സി.പി.ഐ.എമ്മും സി.പി.ഐയും രണ്ടും രണ്ട് കക്ഷികളാണ്. അതുകൊണ്ടു തന്നെ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്- കോടിയേരി പറഞ്ഞു.

അതേസമയം ആര്‍.എസ്.എസ് വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തങ്ങള്‍ ഉപയോഗിക്കുമെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കോടിയേരിയുടെ മറുപടി പുറത്തുവന്നത്.


ALSO READ: ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എന്തും ചെയ്യും; യു.പിയില്‍ ആര്‍.എല്‍.ഡിയുമായി സഖ്യത്തിലേര്‍പ്പെടാനൊരുങ്ങി അഖിലേഷ് യാദവ്


ചെങ്ങന്നൂരില്‍ ആര്‍.എസ്.എസ് വോട്ട് വേണ്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കാനം രാജേന്ദ്രന്‍ ആര്‍.എസ്.എസ് വോട്ട് സ്വീകരിക്കുമെന്ന് പറഞ്ഞത്. “തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസുകാര്‍ വോട്ടു ചെയ്താലും സ്വീകരിക്കും. ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക” എന്നും കാനം ചോദിച്ചു.

ആര്‍.എസ്.എസ് ഒഴികെ ആരുടെയും വോട്ട് സ്വീകരിക്കുക എന്നതാണ് എല്‍.ഡി.എഫിന്റെ നിലപാടെന്ന് കോടിയേരി പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ യു.ഡി.എഫിന് ഒപ്പമില്ല. എസ്.എന്‍.ഡി.പി.യുമായും എന്‍.എസ്.എസുമായും സൗഹൃദബന്ധം മാത്രമേയുള്ളു.
അതേസമയം തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വെളളാപ്പളളിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more