| Thursday, 23rd April 2020, 5:21 pm

കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ വരെ ആരോപണം ഉന്നയിച്ചവരാണ് ഇവിടത്തെ കോണ്‍ഗ്രസുകാര്‍; സ്പ്രിംക്ലര്‍ കരാറില്‍ സര്‍ക്കാരിനൊപ്പമാണ് പാര്‍ട്ടിയെന്ന് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടമാക്കാനാണ് പ്രതിപക്ഷം ആരോപണങ്ങളുന്നയിച്ച് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പ്രതിപക്ഷത്തിന്റേത് പ്രചാരവേല മാത്രമാണ്. സ്പ്രിംക്ലര്‍ കരാറില്‍ സര്‍ക്കാരിനെതിരായ കള്ളപ്രചരണങ്ങളെ പാര്‍ട്ടി പ്രതിരോധിക്കും. കരാറിന് പാര്‍ട്ടിയുടെ പിന്തുണയുണ്ട്. രാഹുല്‍ ഗാന്ധി പോലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തി ‘, കോടിയേരി പറഞ്ഞു.

രാഷ്ട്രീയപ്രചാരണത്തെ രാഷ്ട്രീയമായി നേരിടും. അസാധാരണസാഹചര്യത്തില്‍പ്പോലും വ്യക്തിസ്വാതന്ത്ര്യം ഉറപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. കൊവിഡ് ഭീതി മാറിയാല്‍ ഇതുവരെയുള്ള നടപടികള്‍ പാര്‍ട്ടി പരിശോധിക്കും. വിവരങ്ങള്‍ ചോര്‍ന്നുപോകുമെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും കോടിയേരി പറഞ്ഞു.

സി.പി.ഐയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അത് മുന്‍പും ചെയ്തിട്ടുണ്ട്. കാനവുമായി ഇന്നലെ ആശയവിനിമയം നടത്തിയിരുന്നു. വിവരശേഖരണം, സ്വകാര്യത എന്നീ കാര്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ദേശീയതലത്തില്‍ ഒരു നിലപാടാണുള്ളത്.

ഇവിടെ സ്വീകരിച്ചിരിക്കുന്നത് അസാധാരണമായ സാഹചര്യത്തില്‍ എടുത്ത നിലപാടാണ്. പാര്‍ട്ടി അംഗീകരിച്ച നയത്തില്‍ നിന്ന് ഇവിടെ വ്യതിയാനമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാറ്റാ ചോര്‍ച്ച തടയാന്‍ കരാറില്‍ സംവിധാനമുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണത്തില്‍ പ്രതിപക്ഷത്തിന് തെളിവ് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസിന് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയും അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും ആരോപണം ഉന്നയിക്കുന്നതില്‍ ഒരു മര്യാദയുമില്ല. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോഴാണ് ചാരക്കേസ് ഇവിടത്തെ കോണ്‍ഗ്രസുകാര്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more