| Tuesday, 20th November 2018, 5:19 pm

കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണ് സമരമെങ്കില്‍ ബി.ജെ.പി തെരുവിലിറങ്ങണം; ബി.ജെ.പിയെ വെല്ലുവിളിച്ച് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ശബരിമലയില്‍ ബി.ജെ.പി നടത്തുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായ സമരമാണെങ്കില്‍ തെരുവിലറിങ്ങി ആശയപ്രചരണം നടത്തണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടല്ല ബി.ജെ.പിയുടെ സമരമെങ്കില്‍ ശബരിമലയില്‍ വന്ന് ഭക്തരെ കഷ്ടപ്പെടുത്തരുതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

“കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണ് സമരമെങ്കില്‍ തെരുവിലിറങ്ങി ആശയപ്രചരണം നടത്തണം. സര്‍ക്കാരിനെതിരെയാണ് സമരമെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തണം. ആശയ സംവാദത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ വെല്ലുവിളിക്കുന്നു.”

ശബരിമലയിലേക്ക് പോകുന്ന ഭക്തരെ ബന്ദികളാക്കി സമരം നടത്തരുതെന്നും കോടിയേരി പറഞ്ഞു.

ALSO READ: കോണ്‍ഗ്രസും ബി.ജെ.പിയും സമരത്തില്‍നിന്ന് പിന്മാറണം; ശബരിമലയെ സംഘര്‍ഷഭൂമിയാക്കരുതെന്നും വി.എസ്

ഭക്തരേയും പൊലീസിനേയും ആക്രമിച്ചതിന് നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകളെയും കുട്ടികളേയും മുന്നില്‍ നിര്‍ത്തി നടത്തുന്ന സമരത്തില്‍ നിന്ന് ബി.ജെ.പി പിന്‍മാറണം. സുപ്രീംകോടതി വിധി നടപ്പാക്കുക അല്ലാതെ എന്താണ് വഴിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തന്നെ ചോദിക്കുന്നത് കേരളത്തിലെ ബിജെപിക്കാരോടാണ്.

ശബരിമല തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്ത് ശ്രമം നടത്തിയെന്ന് ബി.ജെ.പി പറയണം. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ബി.ജെ.പി പലക്ഷേത്രങ്ങളും താവളങ്ങളാക്കി മാറ്റിയിട്ടുണ്ട്. അതിന്റെ ഭാഗമായി ശബരിമലയേയും പിടിച്ചടക്കാനാണ് ശ്രമം.

മുന്‍കൂട്ടി നിശ്ചയിച്ച വളണ്ടിയര്‍മാര്‍ ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസ്

സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്നവരാണ് ഞങ്ങള്‍. എന്നാല്‍ ഇതുവരെ സ്ത്രീകളോട് അവിടെ പോകണമെന്ന് പറഞ്ഞിട്ടില്ല. അതിനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല. ഇന്ന് ശബരിമലയിലേക്ക് പോയ യു.ഡി.എഫ് നേതാക്കള്‍ക്ക് കാര്യം മനസ്സിലായി പമ്പവരെ പോയി മടങ്ങി. ആരും അവരെ തടഞ്ഞില്ല. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സന്ദര്‍ശനത്തിനിടെ ഭക്തരോട് പ്രശ്നങ്ങളുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരു ഭക്തരും പരാതി പറഞ്ഞില്ല.

ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തത് നേരത്തെ അവര്‍ അവിടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണെന്നും കോടിയേരി പറഞ്ഞു. യു.ഡി.എഫ് നേതാക്കള്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കരുത്. രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി ബി.ജെ.പിക്ക് മൂര്‍ച്ച കൂട്ടാന്‍ എടുത്ത നിലപാടില്‍ നിന്ന് യു.ഡി.എഫ് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: ശബരിമല ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ള തീര്‍ത്ഥാടകര്‍ക്ക് പൊലീസിന്റെ നോട്ടീസ്

ഭരണഘടനയല്ല വിശ്വാസമാണ് പ്രധാനമെന്ന് പറയുന്ന ബി.ജെ.പി നിലപാടിനോട് ഇന്ന് സമരത്തില്‍ പങ്കെടുത്ത മുസ്‌ലിം ലീഗും എം.കെ മുനീറും അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. വിശ്വാസമാണ് പ്രധാനമെങ്കില്‍ ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിയണമെന്ന ബി.ജെ.പിക്കാരുടെ സമരത്തിന് ലീഗ് പിന്തുണ നല്‍കുമോയെന്നും അദ്ദേഹം ചോദിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more